2011 നവംബർ 26, ശനിയാഴ്‌ച

വര്‍ഗീസ്‌ ...ആസാദ്‌...കിഷന്‍ ജി


വര്‍ഗ്ഗീസിന്റെ മരണ വാര്‍ത്ത പത്രത്തില്‍ വായിച്ചെടുക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല . എഴുപതുകളില്‍ ജനിച്ചയാളാണ് ഞാന്‍. എഴുപതുകളിലെ ബാലന്മാര്‍ വളര്‍ന്നു വന്നു പങ്കിട്ട നിരാശ കളില്‍ ഒന്ന് അറുപതുകളില്‍ അവര്‍ ഇല്ലാതെ പോയി എന്നതായിരുന്നു. 

     ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്തേനെ എന്ന് കുറേക്കാലം ഞാനും വിശ്വസിച്ചിരുന്നു. തോക്കിന്‍റെ സര്‍ഗാത്മകത തേടല്‍ എന്നൊക്കെയുള്ള അമൂര്‍ത്തമായ ചില സങ്കല്പ്പങ്ങളാണ് അക്കാലത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അവശേഷിപ്പിച്ചിരുന്നത്. വായനശാല പ്രവര്‍ത്തന വുമായൊക്കെ  വീട്ടില്‍ വരുന്ന ചെറുപ്പക്കാരെ എഴുപതുകളില്‍ മുതിര്‍ന്നു കൊണ്ടിരുന്ന ഞങ്ങളുടെ മധ്യ വര്‍ഗ്ഗ രക്ഷിതാക്കള്‍ പിള്ളേരെ പിടുത്തക്കാരെയെന്ന  പോലെയാണ് വീക്ഷിച്ചിരുന്നത് . എന്നിരിക്കിലും ഞാന്‍ അവരില്‍ നിന്നൂറി  വരുന്ന അറുപതുകളുടെ കഥക്ക് കാത്തു കൊണ്ടേയിരുന്നു .

    ഞാന്‍ മുതിര്‍ന്ന കാലത്തെ വിപ്ലവം വേറെയായിരുന്നു. കോളേജ്‌ മുടക്കി പോസ്റ്റ്‌ ഓഫീസ് പിക്കറ്റ് ചെയ്യാന്‍ പോവുകയും ..കൃത്യം അരമണിക്കൂറിനു ശേഷം പോലീസ് വണ്ടിയില്‍ കയറി മുദ്രാവാക്യം വിളിക്കുകയും സ്റ്റേഷനില്‍  ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നടപടി ക്രമങ്ങള്‍ പൂര്‍യാക്കുന്നതിനിടയില്‍  സമാധാനമായി ചായയും വടയും കഴിക്കുകയും പിന്നെ കൃത്യമായി തന്നെ ബസ്സില്‍ കയറി വീട്ടില്‍ പോവുകയും  ചെയ്യുന്നതായിരുന്നു ഞങ്ങളുടെ രീതി. അന്നും ചാത്തന്‍ തറയില്‍ നിന്നൊക്കെ പഠിക്കാന്‍ വരുകയും പഠനം വലിയ കാര്യമാക്കാതിരിക്കുകയും ചെയ്തിരുന്ന സഖാക്കളുടെ കണ്ണുകളില്‍ അഗ്നിയുണ്ടായിരുന്നു. അത് കണ്ടില്ലെന്നു നടിക്കാന്‍ ബുദ്ധി മുട്ടായിരുന്നു. സമാധാന പരമായ സമരങ്ങളുടെ സ്വീകാര്യതയിലും അവയിലെ പങ്കാളിത്തം ഉറപ്പു നല്‍കിയ ഒരു തരം സംഘ സുരക്ഷയിലും അതൊക്കെ പിന്നെപ്പിന്നെ കെട്ട് പോയി.

     അക്കാലത്തെ അര്‍ത്ഥ രാഹിത്യത്തില്‍ മനം മടുത്ത പലരെയും പില്‍ക്കാലത്ത്‌ കണ്ടിട്ടുണ്ട്. ഭരണകൂടത്തിനു വേണ്ടി തോക്ക് പിടിക്കുമ്പോള്‍ സര്‍ഗാത്മകത ആവശ്യമില്ലാതെയാവുന്നു. തോക്കെന്നു മാത്രമല്ല പേനയുടെ കഥയും അത് തന്നെയാണല്ലോ. പട്ടാളക്കാരും ഗുമസ്തന്മാരും അധ്യാപകരുമായി എല്ലാവരും പരിവര്‍ത്തനം ചെയ്യപ്പെട്ടു. 

      ആസാദിന് വര്‍ഗീസിന് കിട്ടിയ സ്വീകാര്യത കൈ വരുവാന്‍ ഇനിയും ഒരു പാട് കാലം കാത്തിരിക്കേണ്ടി വരുമായിരിക്കും. സംശയവുമാണ് . കാരണം നമുക്ക് അറുപതുകളിലെ ചെറുപ്പക്കാരുടെയത്ര ഓര്‍മ്മകള്‍ സൂക്ഷിക്കുവാന്‍ കഴിവുമില്ല. ജെ എന്‍ യു വിനെ ത്രസിപ്പിച്ച ധിഷണകളില്‍ പലതും ബീഹാറില്‍ വെടിയുണ്ടകളാല്‍ ഈയടുത്ത കാലത്തും ചിതറപ്പെട്ടിട്ടുണ്ട് . 

      കിഷന്‍ ജി... ഒരു പക്ഷെ തെറ്റായിരുന്നു. സോഷ്യല്‍ ഫാസിസമെന്ന മുഖം മൂടിയണിയിക്കപ്പെട്ട ശത്രുവിനെതിരെ അണി നിരന്നത് കടുത്ത ഫാസിസ്റ്റ്‌ ചേരിയില്‍ തന്നെയായിരുന്നു. വെളുത്ത ഒറ്റപ്പാളി കോട്ടന്‍ സാരിയുടെ നൈര്‍മ്മല്യമല്ല ഒരാളുടെ ചേരി നിര്‍ണ്ണയിക്കുന്നത്. രാഷ്ട്രീയ ഭരണാധികാരത്തിന്‍റെ പ്രശ്നം കൈ കാര്യം ചെയ്യേണ്ടത് താത്കാലിക സംഭവ വികാസങ്ങളുടെ ഗതി വിഗതികളുടെ ചുവടു പിടിച്ചുമായിക്കൂടാ.

     സ്വയം സമര്‍പ്പണം കൊണ്ട് ..സമൂഹത്തിനു ബലിയായിക്കൊണ്ട് ..പറഞ്ഞ വാക്കിന് എല്ലിന്റെ കരുത്തുണ്ടെന്ന് തെളിയിച്ചവരുടെ പട്ടികയില്‍ അവരും. ആത്മ നിന്ദയെ അര്‍ത്ഥ ഗര്‍ഭമായ സംവാദങ്ങള്‍ കൊണ്ട് മൂടി ഇപ്പോള്‍ ഈ പത്ര വാര്‍ത്തകള്‍ വായിക്കുവാന്‍  കെല്‍പ്പുറ്റ ഞങ്ങളും ..

2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

രമേശന്മാരുടെ പ്രസ്ഥാനവും ഞാനും

    നമ്മുടെ വി വി രമേശന്‍ മകള്‍ക്ക് മെഡിക്കല്‍ കോളേജില്‍ സീറ്റ്‌ തരപ്പെടുത്തിയ പ്രശ്നവുമായി ബന്ധപ്പെട്ടാണ് എനിക്ക് ഈ തലക്കെട്ട്‌ വീണു കിട്ടുന്നത്. പത്രങ്ങളിലൊക്കെ രമേശന്മാരുടെ പ്രസ്ഥാനം എന്നൊക്കെ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ വാഴ്ത്തപ്പെട്ടു .നമ്മെപ്പോലെ  മധ്യ വര്‍ഗ ജീവിതം ജീവിക്കുവാന്‍ വിധിക്കപ്പെട്ട രാഷ്ട്രീയ വാദികളോ അരാഷ്ട്രീയ വാദികളോ  ആയ മാധ്യമോപ ജീവികള്‍ തീര്‍ച്ചയായും നമുക്ക് മുന്‍പേ പറന്നു പോവുന്ന  പക്ഷികളായി സ്വന്തം നേതാക്കളെ തന്നെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന കാലമാണിത്. എന്റെ നാടിന്‍റെ   ചെഗുവേരയായി ഞാന്‍ വിശേഷിപ്പിച്ചിരുന്ന  ഒരു നേതാവ് ലോറി ഉടമസ്ഥനായി തമിള്‍ നാട്ടില്‍ നിന്നും പച്ചക്കറി കൊണ്ട് വന്നു ബിസിനെസ്സ്‌ നടത്തുന്നത് കാണേണ്ടി വന്നതിലെ ഇശ്ചാഭംഗം   പട്ടാള ജീവിതം വിട്ടു പോന്ന എനിക്ക് മാറിയിട്ടില്ലായിരുന്നു താനും . ആ പഴയ ഉറക്കക്കാരന്‍റെ  കഥ പോലെ ഇക്കാലം കാണുകയും അക്കാലം തേടുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു ഞാന്‍.  അതിനിടയില്‍  മാധ്യമ ഭീകരര്‍ ഉള്ളി തൊലിക്കുംപോലെ പൊളിച്ചെടുത്ത് നമ്മുടെ മുന്‍പില്‍ വെച്ച ഈ പ്രശ്നതെക്കാള്‍ എന്റെ മനസ്സിലുടക്കിയത് രമേശന്മാരുടെ പ്രസ്ഥാനം എന്ന   പേര് ഒരു അവമതിയായി വിലയിരുത്തപ്പെട്ട അവസ്ഥയാണ് .

     എനിക്കൊരു സഖാവ് രമേശനെ അറിയാം...കോളേജില്‍ ഞാന്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായി ചേര്‍ന്ന  എണ്പതുകളുടെ അവസാനത്തില്‍ ആദ്യ പരിചയം. അന്നൊക്കെ എസ് എഫ് ഐ ക്കാരെ ഒന്ന് വേറിട്ടറിയാം. പ്രത്യേകിച്ചു പ്രഭാ പരിവേഷങ്ങളൊന്നുമില്ലാതെ കുട്ടികള്‍ക്കിടയില്‍  ചിരിച്ചും പറഞ്ഞും നിന്ന അയാളിലേക്ക് ഞാനങ്ങു ചെന്നു വീഴുകയായിരുന്നു...ജ്ഞാനസ്നാനത്തിനു സര്‍വ്വ സന്നദ്ധതയോടെയും ..

     ഇപ്പറഞ്ഞ സഖാവ് രമേശന്‍ ഇപ്പോഴും നിലവിലുണ്ട്..പൂര്‍ണമായ സമര വീര്യത്തോടെ...കോളേജു വിട്ടയന്നു മുതല്‍ അഷ്ടിക്കുതകുന്ന പാരലല്‍ കോളേജും പ്രസ്ഥാനത്തിന്‍റെ  നീക്ക് പോക്കില്ലാത്ത സമര പരിപാടികളും പിരിവു പരിപാടികളും  ഒരേ പോലെ നെഞ്ചില്‍ പേറിക്കൊണ്ട്... മക്കളുടെ പനി..ചുമ..പരീക്ഷകള്‍..പുതിയ വിദ്യാഭ്യാസ സമ്പ്രദായം രക്ഷിതാവില്‍ അടിച്ചേല്‍പ്പിച്ച പ്രൊജക്റ്റ്‌ ജോലികള്‍ ..അരി , തുണി..ആഘോഷങ്ങള്‍ എല്ലാം സഹിക്കാന്‍ തയ്യാറായി കൂടെ വന്ന ഭാര്യ സഖാവില്‍ ഭരമേല്‍പ്പിച്ചു കൊണ്ട്..അന്നെന്ന പോലെ ഇന്നും ഉത്തരവാദപ്പെട്ട സഖാവാണ് ഞാന്‍ എന്ന് മനസ്സിലും കാണുന്ന നമ്മോടോക്കെയും പേര്‍ത്തും പറഞ്ഞും ഉറപ്പിച്ചു കൊണ്ട്...

  ഓരോ അവധിക്കാലത്തും അയാളെ കാണുന്നതാണ് എന്‍റെ  തീര്‍ഥാടനം.പറഞ്ഞു സംരക്ഷിക്കാന്‍ ബുദ്ധി മുട്ടുള്ള  സമകാലീന രാഷ്ട്രീയ നേര് കേടുകളെ ഒരു വിശ്വാസിയുടെ സ്ഥൈര്യതോടെ നേരിടുന്നത് കാണുമ്പൊള്‍ വേദന തോന്നും . തങ്ങള്‍ തന്ത്ര പ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്ന കമ്മറ്റി യോഗങ്ങളില്‍  മിണ്ടാതിരിക്കണം  എന്ന്  സഹ സഖാക്കള്‍ ആവശ്യം ഉന്നയിക്കാറുണ്ട് എന്നും കേള്‍ക്കുന്നു.

   ഒരിക്കല്‍ ഡല്‍ഹിയില്‍ വന്നിരുന്നു ..ഒരു സമര പരിപാടിയില്‍പങ്കെടുക്കാന്‍ ..ആവശ്യപ്പെട്ടത് ഒന്ന് മാത്രം..എ. കെ. ജി ഭവന്‍ ഒന്ന് നേരില്‍ കാണണമെന്നുണ്ട്. ഉന്നതാധികാര കേന്ദ്രങ്ങളെ പേടിയാണെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി ഞാനും കൂടെ പോയി. പതിനെട്ടാം പടി കണ്ട അയ്യപ്പ ഭക്തനെപ്പോലെയായിരുന്നു. എന്തായാലും എ. കെ ജി ഭവനിലെ സഖാക്കള്‍ ഞങ്ങളെ ഊഷ്മളമായി സ്വീകരിച്ചു..സഖാവ് രാമചന്ദ്രന്‍ പിള്ളയുടെ ഇടുങ്ങിയ എഴുത്തു മുറി കണ്ടു. സ്നേഹത്തോടെ കൈ സ്വീകരിച്ച സഖാവ് കാരാട്ടിനെ കണ്ടു. മടങ്ങുമ്പോള്‍ ആലോചനയോടെ പറഞ്ഞു . "ആ കോണ്‍ഫറന്‍സ് മുറി കണ്ടോ സഖാവേ ..ആഡംബരത്തിന്റെ കുറവാണ് മനുഷ്യനെ സ്നേഹവാനാക്കുന്നത്. നമ്മുടെ ജില്ലാ കമ്മറ്റി ഓഫീസുകള്‍ക്ക് നഷ്ടമായി പോവുന്നത്. "

             എന്‍റെ അന്നത്തെ രാഷ്ട്രീയ രഹിതരായ പട്ടാള സ്നേഹിതരെപ്പോലും സഖാവേ എന്ന് അഭി സംബോധന ചെയ്യുകയും അവരുമായെല്ലാം ഇപ്പോഴും സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് ഇപ്പറഞ്ഞ സഖാവ്  ..

                 അപ്പോള്‍ രമേശന്മാരുടെ പ്രസ്ഥാനം എന്ന് അവമതിക്കും മുന്‍പ്  ഒന്ന് കൂടി ചിന്തിക്കേണ്ടതില്ലേ ....

     

2011 ജൂലൈ 30, ശനിയാഴ്‌ച

ഉത്തരേന്ത്യയിലെ ശിവ കാവടികള്‍

     ജൂലൈ -ആഗസ്ത് മാസങ്ങളിലാണ് ശ്രാവണ്‍. മണ്‍സൂണ്‍ മേഘങ്ങളുടെ നിഴല്‍ വീണ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത് വ്രതാനുഷ്ടാന കാലമാണ്. ഭാരതീയ പാരമ്പര്യ പ്രകാരം ശൈവാരാധനയ്ക്ക് പ്രാധാന്യമുള്ള കാലം കൂടിയാണിത്. ഇക്കാലത്ത് പുണ്യ തീര്‍ത്ഥ സ്നാനത്തിനും മറ്റും വന്‍ തിരക്കാണ്  പ്രത്യേകിച്ചും ഗംഗാ തീര സ്നാന ഘട്ടങ്ങളില്‍...

     ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ മധ്യ പ്രദേശ്‌ , യു. പി , ഉത്തരാഞ്ചല്‍ , ബീഹാര്‍ തുടങ്ങിയിടങ്ങളിലെല്ലാം നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന ഒരു അനുഷ്ടാനമാണ് കാവടി യാത്ര  എന്നറിയപ്പെടുന്നത്.   ഹരിദ്വാര്‍ , ഗുരുമുഖ്‌, ഗംഗോത്രി തുടങ്ങിയ പുണ്യ തീര്‍ത്ഥങ്ങളില്‍ സ്നാനം നടത്തിയ ശേഷം  ഗംഗാജലം നിറച്ച കാവടികളുമായി കാല്‍ നടയായി യാത്ര തിരിക്കുന്ന തീര്‍ത്ഥാട കര്‍ തങ്ങളുടെ ഗ്രാമങ്ങളിലെ ശിവ ക്ഷേത്രങ്ങളില്‍ എത്തി ശിവ ലിംഗത്തില്‍ ജലാഭിഷേകം നടത്തുന്നതാണ് ഈ അനുഷ്ടാനം. ശ്രാവണ്‍ മാസത്തിലെ ശിവരാത്രി ദിവസമോ അമാവാസി നാളിലോ ആണ് അഭിഷേക ചടങ്ങ് നടക്കുക. ഇതിനു മുന്നോടിയായി ഗംഗാ തീരങ്ങളിലേക്ക്  പ്രവഹിക്കുന്ന ഭക്തര്‍ നൂറോളമോ അതിലധികമോ  കിലോമീറ്ററുകള്‍ തിരിച്ചു കാല്‍ നടയായി സഞ്ചരിക്കുന്നു. എത് മതാനുഷ്ടാനത്തെയും പോലെ വിശ്വാസവും അന്ധമായ ഭക്തിയും കാപട്യവുമെല്ലാം ഇഴ  ചേരുന്ന ഈ ഉത്സവ നാളുകളില്‍ തീര്‍ഥാടകര്‍  ദേശീയ പാതകള്‍ കയ്യടക്കുന്നു. ഗ്രാമങ്ങള്‍ ഉന്മാദകരമായ ആലസ്യത്തിലാവുന്നു.

ഹരിദ്വാരിനെയും  ഡല്‍ഹിയേയും ബന്ധിപ്പിക്കുന്ന ദേശീയ പാത -58 ല്‍ തീര്‍ഥാടകര്‍ .

വാഹനങ്ങളൊഴിഞ്ഞ  ദേശീയ പാത .

നമ്മുടെ പാല്‍ക്കാവടികളില്‍ നിന്നും വ്യത്യസ്തമാണ് ശിവ കാവടികള്‍. മുകളറ്റം ഉരുണ്ടു പരന്നതല്ല ഇവ. മറിച്ച് തൃകോണാകൃതിയില്‍ ചേര്‍ത്ത് കെട്ടിയ കമ്പുകളില്‍ തൊങ്ങണങ്ങള്‍ ചാര്‍ത്തിയത് . ഗംഗാ ജലം പേറുന്ന പാ ത്രങ്ങള്‍  ഇരു വശത്തും. പൂവ് പോലെ പേറാവുന്നതല്ല  എന്തായാലും ...

ലക്ഷ്യത്തിലേക്ക് ഒറ്റയ്ക്ക്...

 വഴിയോരത്തെമ്പാടുമുണ്ട്  വിശ്രമ സങ്കേതങ്ങള്‍ . രാഷ്ട്രീയ നേതാക്കള്‍ ..സാമുദായിക സംഘടനകള്‍ തുടങ്ങിയവയുടെ വക.


കാവടികള്‍ വിശ്രമത്തിലാണ്‌..

സ്ത്രീ തീര്‍ഥാടകര്‍ കുറവാണെങ്കിലും തീരെ ഇല്ലാതെയില്ല..











ആഡംഭരങ്ങളോ തൊങ്ങലുകളോ ഇല്ലാത്ത കാര്യമാത്ര പ്രസക്ത കാവടികള്‍ ..ഗംഗാജലത്തിന്റെ ഭാരം ..









 ദേശീയ പാതാ നിരോധനം ഇയാള്‍ക്ക് ബാധകമല്ല...തീര്‍ഥാടകരും വേണ്ട വിധത്തില്‍ ബഹുമാനിക്കും ...



പല തരം കാവടികളുടെ ഘോഷ യാത്രയാണ് തെരുവില്‍...


നമ്മുടെ കെട്ടു കാഴ്ചയുടെ ഒരു വികൃതാനുകരണമെന്നെ പറയാനാവൂ ഈ ഋഷഭ രൂപത്തെ ..

 ചില കൌതുക കാഴ്ചകളുമുണ്ട് കൂട്ടത്തില്‍ഉത്സവങ്ങളെ ആഘോഷമാക്കുന്നവര്‍ ..ഇവരില്ലെന്കില്‍ ഒരു പക്ഷെ എല്ലാം എത്ര വിരസമായിരിക്കും....


 ഇത്തിരി ആഡംഭരം ....






















ഇത്തവണ കണ്ട സഫലമായ കാഴ്ചകളിലോന്ന് ഈ മതേതര കാവടിയായിരുന്നു..










ഹിന്ദു ക്ഷേത്രവും മുസ്ലിം പള്ളിയും സിഖ്‌ ഗുരു ദ്വാരയും അവതരിപ്പിച്ച ഈ കാവടി സംഘം പ്രത്യാശയുടെ ഒരു ഉണര്‍വ് നല്‍കി.









ഇതാ ഇങ്ങനെയാണ് ഗ്രാമങ്ങളില്‍ കാവടി യാത്രയുടെ അവസാനം. പ്രധാന തെരുവില്‍ നിന്നും ഗ്രാമ ക്ഷേത്ര വഴിയില്‍ ഓരോരുത്തരും എത്തുന്നത്‌ ശയന പ്രദക്ഷിണം അല്ലെങ്കില്‍ അത് പോലെയുള്ള സ്വയം പീഡന അനുഭവങ്ങളിലൂടെയാണ്..



സ്വയം പീഡനം നമ്മുടെ സാധനാ പാരമ്പര്യത്തിന്റെ ഒരു പ്രധാന ഘടകം തന്നെയാണ്. ഋഷികള്‍ മുതല്‍ വിപ്ലവകാരികള്‍ വരെ അവശ്യം സ്വീകരിച്ച ആത്മ സാധക വഴി..





തെരുവില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ ഹരിദ്വാറിലെക്കുള്ള ട്രെയിന്‍ ചൂളമടിച്ചു പായുന്നു. ഗംഗാ തീരത്തേക്കുള്ള യാത്രയില്‍ മുകളിലെങ്കിലും സീറ്റ്‌ തരപ്പെട്ടത്തില്‍ തൃപ്തരാണ് തീര്‍ഥാടകര്‍. ഒരു നീണ്ട നടത്തക്കായുള്ള യാത്ര.


    ഈ കാഴ്ചയുടെ അവസാനം നിങ്ങള്‍ക്കെന്തു തോന്നുന്നു...കാവടി എന്ന ലിംഗാരാധനാ ശൈലിയുടെ പാരമ്പര്യത്തെപ്പറ്റി അത്ഭുതം.നമ്മുടെ ശൈവാരാധനാ  സമ്പ്രദായത്തെപ്പറ്റിയും അത് വഴി ഭാരത സംസ്കാരത്തിന്റെ അടിസ്ഥാനമായി ഇപ്പോഴും വര്‍ത്തിക്കുന്ന ദ്രാവിഡ സംസ്കാരധാരയെ പ്പറ്റി യും അഭിമാനം. ?

       ഉത്തരേന്ത്യയുടെ വൈഷ്ണവ ..ബ്രാഹ്മണ പുറം മോടികള്‍ക്കകത്ത് ഒരു ദ്രാവിഡ -ശൈവപാരമ്പര്യം ഒളിച്ചു കിടക്കുന്നുണ്ട്...കാവടിയാത്ര പോലെയുള്ള  ആഘോഷങ്ങളിലെ വന്‍ സാന്നിധ്യം അധസ്ഥിതരുടെതാണെന്നത് യാദൃശ്ചികമല്ല. കാല ഭൈരവ ക്ഷേത്രങ്ങളിലെ മദ്യപൂജ പോലെയുള്ള തെളിവുകള്‍ വേറെയുമുണ്ട്...പ്രകോപിക്കപ്പെടുവാന്‍   ഏറെ സാധ്യതയുള്ള മതാചാര ഭ്രമങ്ങള്‍ അടിത്തട്ടില്‍  ഒളിപ്പിച്ചു വച്ചിട്ടാണ്... ഒരു പക്ഷെ ഉണ്ടായിരുന്ന ഒരു ഏകത്വത്തെ ബലി കഴിച്ചിട്ടാണ്  നാം ഇല്ലാത്ത നാനാത്വത്തില്‍ നിന്നും  ഒരു ഏകത്വത്തെ തേടിപ്പിടിക്കുന്നത്...
  
     കായികാധ്വാനം ആവശ്യമുള്ള എല്ലാ അനുഷ്ടാനങ്ങളും അധസ്ഥിതരുടെതാണ് എന്നതും മറക്കാനാവില്ല..അത് കെട്ടു കാഴ്ചയോ ..പടയണിയോ.പാല്‍ക്കാവടിയോ എന്തുമാവട്ടെ. 

      1990 വരെയും കാവടിയാത്ര ചില സന്നദ്ധ പ്രവര്‍ത്തകരുടെയും സന്യാസി മാരുടെയും നേതൃത്വത്തില്‍ ചെറിയ തോതില്‍ നടന്നു പോന്നിരുന്ന ഒന്നായിരുന്നു എന്ന് പറയപ്പെടുന്നു. 90 കളിലെ മത ധ്രുവീകരണത്തിന് അധസ്ഥിതരില്‍ ഉറങ്ങിക്കിടന്നിരുന്ന പല പ്രതീകങ്ങളെയും വ്യവസ്ഥാപിത ഹിന്ദു സമൂഹത്തിനു അനുകൂലമാക്കി മാറ്റാന്‍ രാസ ത്വരകമായി വര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ഒരു സത്യമാണ്. 

         സാഹിത്യത്തിന്റെ ദളിത് ഭാഷ വത്കരണത്തിലൂടെയൊക്കെ ദളിതരില്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് സൃഷ്ടിക്കാനാവുമെന്നു  വ്യാമോഹം കൊള്ളുന്ന നാം മതത്തിന്റെ ഈ അടിത്തറ ഇനിയും കണ്ടറിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. വിപ്ലവം പോയിട്ട് ദൈവം വിചാരിച്ചാല്‍ പോലും രക്ഷ പ്പെടുത്താനാവാത്ത ഈ ആര്‍ഷ ഭൂമി ...എന്നോ മറ്റോ ആണ് നമ്മുടെ വി . കെ . എന്‍ പറഞ്ഞു വച്ചത് എന്ന് തോന്നുന്നു. എന്തായാലും നമ്മുടെ മതേതര സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ക്ക് ഈ ആര്‍ഷ ഭൂമിയില്‍ നിന്ന് തന്നെ നാം കാരണങ്ങള്‍  തേടെണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം നമ്മുടെ ആശയ ഭൂമികയുടെ വ്യാപ്തി കുറയുകയും തിരിച്ചു പോവുന്നവരുടെ എണ്ണം കൂടുകയും ചെയ്യും.   

       

2011 ജൂലൈ 3, ഞായറാഴ്‌ച

ചാനല്‍ മായാവി..

        ദേശാഭിമാനിയുടെ ദല്‍ഹി ബ്യുറോയും ആകാശവാണിയിലെ വാര്‍ത്താവതരണവുമൊക്കെ പിന്നിട്ടു സഖാവ് ജോണ്‍ ബ്രിട്ടാസ്‌ കൈരളി ചാനലിന്റെ ചെയര്‍മാന്‍ പദത്തിലെത്തിയത്  ഒരു പ്രോഫഷനലിന്റെ വ്യക്തിഗതമായ ഉയര്‍ച്ച മാത്രമായിരുന്നില്ല. ഒരു പ്രസ്ഥാനത്തിന് പ്രൊഫഷണലുകളെ എങ്ങനെയാണ് മാനിക്കേണ്ടതെന്ന തിരിച്ചറിയലുണ്ട് എന്ന വെളിവാക്കല്‍ കൂടിയായിരുന്നു  ആ സ്ഥാന ലബ്ധി. ഇപ്പോള്‍ ബ്രിട്ടാസ്‌ കൈരളിയുടെ പടിയിറങ്ങിയത് എന്ത് കൊണ്ടാണെന്ന് നമുക്കറിയില്ല.കൈരളിയിലെ വിടവാങ്ങല്‍ സമ്മേളനത്തില്‍ കൈരളി തന്റെ വിധിയും വികാരവുമാണെന്നു ബ്രിട്ടാസും അദ്ദേഹം കൈരളി വിടുകയല്ലെന്നും പ്രൊഫഷനലായ ഔന്നത്യങ്ങള്‍ നേടിയെടുക്കാനും അത് കൈരളിക്കായിതന്നെ പ്രയോജനപ്പെടുത്തുവാനുമുള്ള  ഒരു താത്കാലിക ദൌത്യത്തിന്റെ ഭാഗമായുള്ള വിടവാങ്ങലാണെന്ന് പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞു. കൊടുത്ത വില പിടിപ്പുള്ള സമ്മാനം സൌഹാര്‍ദ്ദ പരമായ യാത്രയയപ്പിനെ സൂചിപ്പിച്ചു....

        STAR TV കൈവശപ്പെടുത്തിയ ഏഷ്യാനെറ്റ്‌ ചാനലിന്റെ ജനപ്രിയ  ബൌദ്ധിക പരിപാടികളുടെ ചുമതലക്കരനാണിപ്പോള്‍ ബ്രിട്ടാസ്‌ എന്നാണു  പരിപാടികളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. തീര്‍ച്ചയായും വന്‍ മാധ്യമ ഭീമന്മാരായ STAR   ബ്രിട്ടാസിന് പ്രൊഫഷണല്‍ രംഗത്ത് ഒരു കുതിച്ചു കയറ്റം സാധ്യമാക്കിയേക്കാം.  എന്നാല്‍ അദ്ദേഹം അതിനു കൊടുക്കുന്ന വിലയെന്താവാം. 

                കേരളത്തില്‍ നിലയുറപ്പിക്കുന്ന ഏത് ചാനലിനും മലയാളിയുടെ പ്രത്യേക തരം ആസ്വാദന ശീലത്തെ നേരിടേണ്ടതുണ്ട്. വിഷയം പ്രണയമായാലും പെണ് വാണിഭമായാലും അതിനൊരു സൈദ്ധാന്തിക തലം തിരയുകയും സ്വയം സൃഷ്ടിച്ചെടുക്കുന്ന വിവാദങ്ങള്‍ പുറമേ നടിക്കുന്ന  ഇടതുപക്ഷ പരമായ ഒരു മൂല്യ ബോധം ചേര്‍ത്ത്  വിഴുങ്ങുകയും ചെയ്യുന്ന ഒരു ശീലം. ഈയൊരു പ്രകൃതം  മുതലെടുത്തു മാത്രം നില നില്‍ക്കുന്നവരാണ് ബൌദ്ധിക മാധ്യമങ്ങള്‍ എറിയ കൂറും, അത് മാധ്യമാമായാലും മാതൃ ഭൂമിയായാലും.. ചാനലുകള്‍ ഈ മലയാളി ശീലത്തെ മാറ്റിയെടുക്കാനും ഉള്ളു പൊള്ളയായ തമാശകളിലും ഉത്സവ നൃത്തങ്ങളിലും അവരെ അഭിരമിപ്പിക്കുവാനും ആവോളം ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ ഏഷ്യാനെറ്റ്‌ വികൃതമായ ഡബ്ബിങ്ങോട് കൂടി   ഹൃതിക് റോഷന്റെ ജസ്റ്റ്‌ ഡാന്‍സ് പ്രോഗ്രാം വിളമ്പുന്നത് പോലെ. എങ്കിലും ഇടക്കാലത്തെക്കെന്കിലും അവര്‍ക്ക് ഇടതു പക്ഷ ബൌദ്ധികതയുടെ മേല്‍ക്കുപ്പായം ആവശ്യം തന്നെ യാണ്. ഇവിടെയാണ്‌ ബ്രിട്ടാസിനെപ്പോലെയുള്ളവരുടെ പ്രസക്തി.

               എന്നാല്‍ ബ്രിട്ടാസോ..അബ്ദുള്ളക്കുട്ടിയില്‍  നിന്നും സിന്ധു ജോയിയില്‍ നിന്നും ശിവരാമനില്‍ നിന്നും അദ്ദേഹം എങ്ങനെയാണ് വ്യത്യസ്ഥനാവുക.കൈരളിയും കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ പുലര്‍ത്തുന്നില്ലേ  എന്നാണ് മറു ചോദ്യമെന്കില്‍ എനിക്കുത്തരമില്ല..എന്നാല്‍ കാലു മാറിപ്പോവുന്ന രാഷ്ട്രീയ പ്രവര്‍ത്തകരോട് സാധാരണ പറയാറുള്ള ഒരു കാര്യം ബ്രിട്ടാസിനോടും പറയേണ്ടതുണ്ടെന്നു തോന്നുന്നു. അത് അവര്‍ക്ക് വേണ്ടിക്കൂടി ഒഴുക്കപ്പെട്ട രക്തത്തെ പ്പറ്റിയും അവരുടെ സിംഹാസനങ്ങള്‍ പ്രതിഷ്ടിക്കുന്നതിനു വേണ്ടി വീട് വിട്ടു പോയ മറക്കപ്പെട്ടവരെപ്പറ്റിയുമാണ്.

             

2011 ഏപ്രിൽ 12, ചൊവ്വാഴ്ച

ഓര്‍മ്മയെഴുതുമ്പോള്‍ സംഭവിക്കുന്നത്

    ഓര്‍മയെഴുതിന്റെ സര്‍ഗാത്മകതയെ പ്പറ്റി ഒരന്വേഷണം എന്ന നിലയില്‍ കുറേക്കാലം മുന്‍പ് ജനയുഗം വാരാന്ത്യപ്പതിപ്പില്‍ ഒരു ലേഖനം എഴുതിയിരുന്നു. ഓര്‍മ്മകള്‍ അതിര് കടക്കുന്നു എന്ന തോന്നലില്‍ എഴുതിയ ഒരു കുറിപ്പ്.   ഓര്‍മ്മയെഴുതിന്റെ അനുവാചകന്‍ എന്ന നിലയില്‍ അതിനൊരു നിര്‍വചനവും വിശദീകരണവും ആവശ്യമുണ്ടെന്നു തോന്നുന്നു.

    മറവിക്കെതിരായ ഓര്‍മ്മയുടെ സമരം എന്ന രൂപകം ഓര്‍ക്കാമല്ലോ . രാഷ്ട്രങ്ങള്‍ ഇല്ലാതാവുകയോ പുനര്‍നിര്‍മ്മിക്കപ്പെടുകയോ  ചെയ്ത ഒരരക്ഷിത കാലം പിന്നിട്ടു നാം എത്തി നില്‍ക്കുന്നത് ചെറുത്തു നില്‍പ്പുകളില്ലാത്തത് കൊണ്ട് ചരിത്രം അസംബന്ധമായി തീരുകയും കമ്പോളത്തിന് മാത്രം പ്രസക്തിയുള്ളതുമായി എന്ന് വിലയിരുത്തപ്പെടുന്ന  വിഭ്രമാത്മകമായ ഒരു കാലത്താണ് .എല്ലാവരും എല്ലാം മറന്നു പോവുകയും ചരിത്രം ഭരണാധികാരികള്‍ക്കെല്ലാം ശല്യപ്പെടുത്തുന്ന ഓര്‍മ്മകളാവുകയും ചെയ്യുന്ന ഇക്കാലത്ത് . പത്ര പ്രവര്‍ത്തകന്‍ എന്ത് ചെയ്യുന്നു ..എഴുത്തുകാരന്‍ എന്ത് ചെയ്യുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഓര്‍മ്മകള്‍ ഉപയോഗിക്കപ്പെടുന്നത് എങ്ങനെയാണ് എന്ന് ആലോചിച്ചു പോവുന്നത് .

   നമ്മുടെ ഓര്‍മ്മിക്കലുകള്‍ സത്യത്തില്‍ ചെറുത്ത് നില്‍പ്പുകള്‍ തന്നെയാവുന്നുണ്ടോ ...ഓര്‍മിച്ചു കൊണ്ടെയിരിക്കുമ്പോള്‍ തന്നെ ഓര്‍ക്കപ്പെടേണ്ട എന്തോ ഒന്ന് നമ്മുടെ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞു പോവുന്നുണ്ടോ... ചരിത്രത്തില്‍ നിന്ന് ചില അസംബന്ധ ഭരണകൂടങ്ങള്‍ മറുപടിയില്ലാതെ മാഞ്ഞു പോയത് പോലെ..

    പലപ്പോഴും പത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമിടയിലെ അതിര്‍വരമ്പ് ലംഘിക്കപ്പെടുന്നയിടമാണ് ഓ ര്‍മ്മയെഴുത്ത്. വൈയക്തികമായ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് മുമ്പൊക്കെ പത്രാധിപര്‍ അനുവദിച്ചിരുന്ന  സ്ഥാലം ഷഷ്ടിപൂര്‍യായവര്‍ക്കുള്ള  ഉപഹാരമായിരുന്നു. അത്തരം പല കുറിപ്പുകളും വി കെ എന്‍ പറഞ്ഞത് പോലെ "അമേരിക്ക കണ്ട ഞാന്‍ " എന്ന മട്ടിലായിരുന്നു താനും. പിന്നീട് ഒരു സമരായുധമെന്ന നിലയില്‍ ഓര്‍മ്മയെ ഉപയോഗപ്പെടുത്തുവാനുള്ള ആഗ്രഹത്തില്‍ നിന്ന് തന്നെയാണ് പത്ര-സാഹിത്യ പ്രവര്തകരോക്കെ ഓര്‍മ്മയെഴുതിലേക്ക് തിരിഞ്ഞത്. ഇന്നാവട്ടെ പല ഓണപ്പതിപ്പുകളും ഓര്‍മ്മപ്പതിപ്പുകള്‍ കൂടിയാണ്. പ്രണയത്തെപ്പറ്റി , വിപ്ലവതെപ്പറ്റി, അമ്മയെപ്പറ്റി, സൌഹൃദത്തെപ്പറ്റി, മരണത്തെപ്പറ്റി, ഗ്രാമത്തെയും നഗരത്തെയും പറ്റി, ലഹരി രാവുകളെപ്പറ്റി ഓര്‍മ്മകള്‍ ഒരുക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.

       ദൌര്‍ഭാഗ്യവശാല്‍ ഇന്ന് പുനരാനയിക്കപ്പെടുന്ന ഓര്‍മ്മകള്‍ സംഘബോധത്തെയോ ചെറുത്തുനില്‍പ്പുകളെയോ  മോഹിപ്പിക്കുന്നില്ല . അവ പലപ്പോഴും വൈയ്യക്തികമായ ആഘോഷങ്ങളില്‍ മുഴുകുകയാണ്.ആനന്ദകരമായ കൂട്ടായ്മകളിലും കാല്പനിക വിഷാദങ്ങളുടെ മുല്ലപ്പൂ മുറ്റത്തും അലഞ്ഞു തിരിയുകയാണവ. കമ്പോളത്തിന്റെ സ്വാഭാവിക ചലനങ്ങള്‍ക്ക് അനുസൃതം തന്നെയാണ് നാം നടത്തുന്ന കപട കലാപങ്ങളെല്ലാം. എന്ന് അവ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.

   എല്ലാ ഓര്‍മകളും ഇങ്ങനെയാനെന്നല്ല. വ്യാധികള്‍ കോപിക്കുന്ന വയനാടന്‍ മഴക്കാലത്തെ പ്പറ്റിയും എല്ലാവരും കൈവിട്ട രോഗികളുടെ ഇടയില്‍ നാറ്റം അവിസ്മരണീയമായ മണം എന്ന് ഗണിച്ചു പണിയെടുക്കുന്ന വയനാടന്‍ ഗാ ന്ധിയെപ്പറ്റിയും പുഴ കടന്നു കനം കുറഞ്ഞ നിഴലായി...ശര്‍ക്കരയുപ്പേരിയുടെ മധുരമായി കടന്നു വരുന്ന അച്ചനെപ്പറ്റിയും കല്പറ്റ നാരായണന്‍ എഴുതുമ്പോള്‍ ഓര്‍മ്മ സചേതനമായ അനുഭവമാവുന്നു. യു ജി സി യും നെറ്റുമില്ലാത്തവര്‍ പഠിപ്പിക്കുകയും തറയിലെ കുഴികളില്‍ വലിയ കുഴിയാനകളെ ഒളിപ്പിക്കുകയും ചെയ്യുന്ന പഴയ പാരലല്‍ കോളെജുകളെപ്പറ്റി മൈന ഉമൈബാന്‍ എഴുതുമ്പോള്‍...ചിദംബര സ്മരണകളില്‍ കവി സ്വയം ഉരുകിയ മാപ്പപേക്ഷയായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഒക്കെ ഓര്‍മയുടെ സാധ്യതകള്‍ നമ്മെ പ്രകോപിപ്പിക്കുന്നുണ്ട്. കാമ്പുള്ള എണ്ണമറ്റ ഓര്‍മ്മകള്‍ ബ്ലോഗുകളില്‍  പറന്നു കിടക്കുന്നുണ്ട്.

     വിറ്റു  പോകാന്‍ സാധ്യതയുള്ള എന്തിനെയും മാര്‍ക്കറ്റ്‌ ചെയ്യാനുള്ള നമ്മുടെ അടങ്ങാത്ത മോഹമാണ് ഓണപ്പതിപ്പുകളെ ഓര്‍മ്മപ്പതിപ്പുകളാക്കുന്നത് . അസ്വസ്തതയുളവാക്കുന്നത് ഈ കമ്പോള സ്പര്‍ശം തന്നെയാണ് . ഇന്ന് പ്രധാനമായും മൂന്ന് തരത്തില്‍ ഓര്‍മ്മകള്‍ പുനരാനയിപ്പെടുന്നുന്ടെന്നു തോന്നുന്നു. ആന്തരിക ചോദനയില്‍ നിന്ന് സത്യസന്ധമായി ഉറവെടുക്കുന്ന സര്‍ഗവൈഭവം നിറഞ്ഞ ഓര്‍മ്മകളാണ് ഒന്ന്.നിര്‍മലമായ വായനാനുഭവമായി മാറി വായനക്കാരന്റെ ഉള്ളില്‍ മറഞ്ഞു കിടക്കുന്ന എന്തിനെയൊക്കെയോ ഉണര്‍ത്തുന്ന എഴുത്തുകള്‍. അത് പോലെ പറയാന്‍ ബാക്കി വച്ചത് എന്തോ ഉണ്ട് എന്ന് ഉള്‍ത്തള്ളലോടെ തിരിച്ചറിയുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട എഴുത്തുകളും ഉണ്ട് . സ്വാഗതാര്‍ഹമായ രചനാ രീതികള്‍ .
    ധൈഷണികതയെ കമ്പോള വസ്തുവായി തിരിച്ചറിഞ്ഞ സെന്‍സേഷനല്‍ പത്രപ്രവര്‍ത്തകരാണ് ഓര്‍മകളെ അവമതിക്കുന്ന മൂന്നാം കൂട്ടര്‍.പറയുന്നതൊക്കെ സത്യമായിരിക്കുമ്പോഴും സത്യമായതെല്ലാം പറയാതെയും പറഞ്ഞ സത്യത്തിന്റെ പൊരുള്‍ തിരിക്കാതെയും വായനക്കാരന്റെ ഇടം അനിശ്ചിതമാക്കുന്നവര്‍. ഈ പുത്തന്‍ സെന്‍സേഷണലിസ്റ്റ് പല സര്‍ഗധനരുടെയുമുള്ളില്‍ ഉറങ്ങിക്കിടക്കുകയും പത്രാധിപരുടെ ആവശ്യാര്‍ത്ഥം പരകായ പ്രവേശം  നടത്തി വായനക്കാരെ ബാധയായി ആവേശിക്കുകയും ചെയ്യുന്നു. ആഴ്ച്ചപ്പതിപ്പുകള്‍ ആവേശത്തോടെ തുറക്കപ്പെടുന്നു.. എന്താണ് ഈയാഴ്ചയിലെ വെളിപ്പെടുത്തലുകള്‍. മഹാ കവി മഹാ മദ്യപാനിയായിരുന്നെന്നോ.വിപ്ലവകാരിയായ എക്സ് കമ്മതിപ്പുരയിലെ നിത്യ സന്ദര്‍ശകനായിരുന്നെന്നോ..
  
     വിപരീത ബുദ്ധിയില്‍ നിന്ന് ഉളവാകുകയും സാമൂഹികമോ സര്‍ഗപരമോ ആയ കടമകളൊന്നും നിര്‍വഹിക്കാനില്ലാത്തതുമായ  ഓര്‍മ്മയൊഴുക്കിനു ഉദാഹരണങ്ങളാണ് കഥകള്‍ നിലച്ചു പോയ ചില  കഥാ കൃത്തുക്കളെന്കിലും. പ്രണയങ്ങള്‍ , വിവാഹങ്ങള്‍, പ്രണയിനിമാരുടെ കുഴിമാടങ്ങള്‍...
  
      ഒരു ഓര്‍മ്മപ്പതിപ്പില്‍ എഴുത്തുകാരന്‍ എഴുതിയ കാലം വിശദീകരിക്കുകയുണ്ടായി. ആര്‍ത്തിയോടെ തപാല്‍ക്കാരനെ കാത്തിരുന്ന അക്കാലത്തെ പ്പറ്റി എഴുതുമ്പോള്‍ കാലമൊഴികെ എല്ലാമുണ്ടവിടെ  എന്നതാണവസ്ഥ. വ്യക്തിയുണ്ട്.. പ്രസിദ്ധരായ സുഹൃത്തുക്കളുണ്ട് ..അവരുടെ ദൌര്‍ബല്യങ്ങളുണ്ട് . സ്വന്തം പ്രണയവും ലഹരിയുമുണ്ട്..ഒരു തലമുറ ബന്ധങ്ങള്‍ തേടി നടക്കുകയും സംഘം ചേരാന്‍ കൊതിക്കുകയും നിരാശാ ഭരിതരാവുകയും ചെയ്ത അക്കാലം മാത്രമില്ല.
  
     കാപ്സൂള്‍ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്ന പ്രശസ്തരുടെ സൌഹൃദങ്ങളും  വായനയുടെ ലോകത്തു ചെയ്യപ്പെടുന്ന തെറ്റുകളാണ്. ചെവിയിലാണ് സെക്സ് എന്ന മന്ത്രണം മാത്രമാണോ കുഞ്ഞുണ്ണി മാഷ്‌ . വെറും വയറ്റില്‍ രണ്ടെണ്ണം വീശുന്ന രസം മാത്രമാവുമോ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി. ഏത് പാതിരയ്ക്കും ലിക്കര്‍ സംഘടിപ്പിക്കുന്ന വിരുതന്‍ എന്നതാണോ സി വി ശ്രീരാമന്റെ ബിരുദം. ഇത്തരം എഴുത്തുകള്‍ സംവേദിക്കുന്നത്
വായനാനുഭവവും ജീവിതാനുഭവവും കുറയുകയും അനുദിനം അരാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്താണെന്നതും ഗൌരവത്തോടെ വീക്ഷിക്കപ്പെടേണ്ടതാണ് . പോയ കാലത്ത് നിന്നും അടര്‍ത്തിയെടുക്കപ്പെടുന്ന ചിതലരിച്ച ഓര്‍മ്മകള്‍  കാലികമായ പ്രസക്തിയൊന്നും വെളിവാക്കുന്നില്ലെന്നു മാത്രമല്ല നിസ്സാര  വത്കരിക്കലുകള്‍ വഴി ചരിത്രത്തോടും വ്യക്തികളോടും തെറ്റ് ചെയ്യുക എന്ന അധാര്‍മ്മികതയ്ക്കും മുതിരുന്നു. . അതുകൊണ്ടാണ് ഓര്‍മ്മയെഴുതിനു മുതിര്‍ന്നാല്‍ കേസ് കൊടുക്കുമെന്ന് ചിലര്‍ക്കെങ്കിലും ഭീഷണി മുഴക്കേണ്ടി വരുന്നത്,ഒരാളെ അടയാളപ്പെടുത്തേണ്ടത് താനാണ് എന്ന് വേറൊരാള്‍ ധരിച്ചു പോവുന്നതിലും വലിയ അസംബന്ധമെന്താണുള്ളത്.

    ഓര്‍മ്മകള്‍ പകര്‍ത്തിയെഴുതലും ഇടക്കാലത്ത് വ്യവസായിക വളര്‍ച്ച നേടിയ ഉത്പന്നമാണ്. കൊല്ലപ്പണി ക്കാരന്‍, ചുമട്ടു തൊഴിലാളി, ചെരുപ്പ് കുത്തുന്നവര്‍ തുടങ്ങിയ കൈവേലക്കാര്‍ മാത്രമല്ല കൂടിക്കൊടുപ്പുകാര്‍ വേശ്യ വൃത്തി ജീവിത മാര്‍ഗമാക്കിയവര്‍ , കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവര്‍ ഒക്കെയും ഓര്‍മ്മകള്‍ പറഞ്ഞു കൊടുക്കുകയും പത്ര പ്രവര്‍ത്തകന്‍ തന്റെ  മൂശയില്‍ അത് ഉരുക്കി വാര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ ആര്‍ക്കെങ്കിലും ഓര്‍മ്മയെഴുത്ത് നിഷിദ്ദമാണെന്ന ധാരണയൊന്നും എനിക്കില്ല.പക്ഷെ അയാളുടെ ഓര്‍മ്മ കാലത്തില്‍  അയാളെ അടയാളപ്പെടുത്തുന്നതായിരിക്കണം എന്നുണ്ട്. എല്ലാ ഡോക്ടര്‍മാരുടെയും ആത്മ ഭാഷണങ്ങള്‍ക്ക് ഒരേ പ്രസക്തിയുണ്ടാവുക സാധ്യമല്ലല്ലോ. എവിടെ അങ്ങനെ അടയാളപ്പെടുതലുകള്‍ ഒന്നും നിര്‍ബന്ധമില്ല . കൃത്യമായ  കൂലിയാണ് പ്രതിബദ്ധത. പറയുന്നയാള്‍ക്കും എഴുതുന്നയാള്‍ക്കും. ഇവരൊക്കെ പത്ര പ്രവര്‍ത്തകന്റെ ചവിട്ടു പടിയാണെന്ന സത്യം തുറന്നു പറയാനുമാവില്ല. പറയുന്നവന്‍ ഇക്കാലത്തെ ഏറ്റവും വലിയ ചീത്ത വാക്കായ ഇടതു സവര്‍ണ-സാമ്രാജ്യത്വ പിണിയാള്‍ ആയി മുദ്ര കുത്തപ്പെടും.

    എതിര്‍ വായന എന്ന ലേബലൊട്ടിച്ച ചില തരം എഴുത്തുകളുണ്ട് . ഇവയില്‍ സാഹിത്യംശം പൊതുവേ കുറവായിരിക്കേണ്ടതുണ്ട്. പൊതുവേ സംസാര ഭാഷ തന്നെ പ്രയോഗിക്കാം. വ്യവഹരിക്കുന്ന മേഖലയ്ക്കനുസരിച്ചു കുറഞ്ഞും കൂടിയും അശ്ലീല പദങ്ങള്‍ പ്രയോഗിക്കുന്നതില്‍ തെറ്റില്ല. ഓസ്കാര്‍ ജേതാവ് ചലച്ചിത്ര അക്കാദമിക്കാലം സ്മരിച്ച്  എഴുതിയത്  ഒരു വാരിക പ്രസിദ്ധീകരിച്ചിരുന്നു. നടുക്ക് കുത്തും പാദാദിപ്പൊരുത്തവുമുള്ള പദങ്ങളാല്‍  സുഗമമായ വായനാനുഭവം പകര്‍ന്ന എഴുത്ത്.

    ഓര്‍മ്മപ്പെടുത്തല്‍ പലപ്പോഴും ഒരു സമരമാവാതിരിക്കുന്നു എന്നും മറിച്ചു പ്രതിലോമാപരമായി ഉപയോഗിക്കപെടുന്നു എന്നുമുള്ള ചിന്തയാണ് പൊതുവേ ഓര്‍മ്മകളില്‍ അഭിരമിക്കുന്ന എന്നെ ഭരിക്കുന്നത്. എന്തായാലും വൈയക്തികമായ അനുഭവങ്ങള്‍ പകര്‍ത്തുന്നതിനുള്ള ആരുടേയും അവകാശത്തെ ഈ കുറിപ്പ് ചോദ്യം ചെയ്യുന്നില്ല . ഓര്‍മകളുടെ തിരഞ്ഞെടുപ്പില്‍ ഒരു വായനക്കാരന്റെ പക്ഷം പ്രകടമാക്കുക മാത്രമാണ് ഉദ്ദേശ്യം .

      ഒരു പിന്‍ കുറിപ്പ് കൂടി....ഇട്ടൂപ്പ് മുതലാളിയും പയ്യനും ഇന്ന് ജീവനോടെയുണ്ടായിരുന്നെന്കില്‍ പയ്യനെക്കൊണ്ട് വിഭവ സമൃദ്ധമായ ഓര്‍മ്മക്കുറിപ്പുകള്‍ തന്നെ എഴുതിച്ചേനെ . തന്റെ ഇന്റര്‍ നാഷണല്‍ പ്രസാധക സുഹൃത്തുക്കളോട് മുതലാളി ഇങ്ങനെയാവും പറയുക. "ദിസ് പയ്യന്‍ , ബെസ്റ്റ്‌ മെമ്മറി ..ഗുഡ് പബ്ലിഷ്... ബിഗ്‌ സെയില്‍ ..ഫിഫ്ടി ഫിഫ്ടി .. ( പയ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഗംഭീരം. നന്നായി പബ്ലിഷ് ചെയ്‌താല്‍ വിട്ടു പോകും..ലാഭം പപ്പാതി..)
  
  

     

2011 മാർച്ച് 13, ഞായറാഴ്‌ച

ഭാഷ ചമക്കല്‍

എഴുതിയെഴുതി പിഴവ് തീര്‍ന്ന ഭാഷയില്‍
എവിടെയാണ് കവിതയ്ക്ക് പറ്റിയ പദങ്ങള്‍
എല്ലാ വാക്കും തേഞ്ഞുരഞ്ഞു മൂര്‍ച്ച പോയവ
കഷണ്ടി പോലെ മിനുസമായവ..

കവിതയെഴുതണമെങ്കില്‍ പുതിയൊരു ഭാഷ പണിയണം
പുതിയ ഭാഷയില്‍ എല്ലാ വക്കും പുതുവാക്ക് ..
ചൂടും ചൂരും ചോരയുടെ ഉപ്പും
സപ്രമഞ്ച ശൃംഗാര ചമല്‍ക്കാരവും
ഇഞ്ചോടിഞ്ചു കിട പിടിച്ചു നില്‍ക്കണം..

ഭാഷയില്‍ ഒരൊറ്റ മേശ ..ഒറ്റക്കസാല
ഒരേയൊരു ശില്‍പം..
ലബ്ധ പ്രതിഷ്ഠ കവി പുംഗവന്‍...
ചരിത്രാതീതനായ ഈ വിനീതന്‍...

പുളകം കൊണ്ട് ഭാഷയ്ക്ക്‌ തറക്കല്ലിട്ടു...
ഇനിയൊരു പേര് വേണം ..
പല വട്ടം പരതി

വാക്കായ വാക്കെല്ലാം തേഞ്ഞുരഞ്ഞവ
കഷണ്ടി പോലെ മിനുസമായവ
തടഞ്ഞ വാക്കെല്ലാം
പഴയ ഭാഷയില്‍ പുളിച്ചു പോയവ..

പുതിയൊരു പദമില്ലാതെ
മുനിഞ്ഞിരിക്കുമ്പോള്‍

അവള്‍ മുന്‍പില്‍ വന്നു ചിരിച്ചു..
അമ്മ..അമ്പത്തോന്നക്ഷരാളി...
ചിരിയില്‍ കനകച്ചിലങ്ക കിലുങ്ങി...
തൂലികത്തുമ്പിലെ  മഷിയും കെട്ടു.



2011 മാർച്ച് 12, ശനിയാഴ്‌ച

ആത്മാവിന്റെ കൂടുമാറ്റങ്ങള്‍


  ഒരു വനിതാ മാസികയിലാണ് വായിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച എം പി വീരേന്ദ്രകുമാറിന്റെ ഹൈമവത ഭൂമിയില്‍ എന്നാ പുസ്തകത്തെ പ്പറ്റി എഴുത്ത് കാരി കൂടിയായ തനൂജ എസ് ഭട്ടതിരിയുടെ വായനാനുഭവം.ആര്‍ഷ പാരമ്പര്യത്തിന്റെയും ഇതിഹാസ സ്മരണകളുടേയും മണ്ണില്‍ക്കൂടി യുള്ള പ്രൌഡമായ യാത്ര. അതീവാദരത്തോടെയുള്ള വായന. കാവ്യം സുഖേയം, കഥ രാ‍ഗ്ഗവീയം എന്നു പറയുംപോലെ തന്നെ.

        എഴുതിയെഴുതിപ്പോകുമ്പോള്‍ തനൂജ പറയുന്നു.. മനുഷ്യന്‍ പ്രകൃതിയോട് ചെയ്തു കൂട്ടുന്ന പാതകങ്ങളെ പ്പറ്റി  പരിതപിച്ചു കൊണ്ട്..." 1857ല്‍ ചീഫ്‌ സിയാറ്റിന്‍ എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ എഴുതിയ വരികള്‍ നമ്മെ ജീവ ജലത്തെ ക്കുറിച്ച് പഠിപ്പിക്കുന്നു" 

    അധിനിവേശത്തിന്റെ കരാളതകളോട്,  പ്രതിരോധത്തിനും കീഴടങ്ങലി നുമിടയിലെ ആ നശിച്ച മുഹൂര്‍ത്തത്തെ അഭിമുഖീകരിച്ചു കൊണ്ട് ഹൃദയസ്പ്രുക്കായി പ്രതിഷെധിച്ച മഹാനായ ആദിവാസി മൂപ്പന്‍  ഒരു അമേരിക്കന്‍ എഴുത്തുകാരനായി മാറുന്നതു ഒരു വലിയ സംഭവമല്ല. അവരുടെ /ആരുടേയും ..ചെറുത്‌ നില്‍പ്പുകള്‍ നമ്മുടെ ഗൃഹാതുരതകള്‍ മാത്രമാണല്ലോ.

   ഞാന്‍ ആലോചിക്കുന്നത് അതല്ല. 1857ല്‍ പ്രസിഡന്റ്  ഫ്രാങ്ക്ലിന്‍ പിയെര്‍സന് ആ റെഡ്‌ ഇന്ത്യന്‍ മൂപ്പനും അയാളുടെ കൂടെയുണ്ടായിരുന്ന ഭയ ചകിതരായ തദ്ദേശീയരും  വെറും നിഴലുകള്‍ മാത്രമായിരുന്നു...എല്ലാ അധിനിവേശകര്‍ക്കും  അതങ്ങനെ തന്നെയാണ്. വിദേശിയായാലും തദ്ദേശിയായാലും.. ഇക്കാലയളവില്‍ വയനാടിന്റെ അവകാശികള്‍ ആരായിരുന്നു...

    പ്രകൃതിയെപ്പറ്റിയും ഭൂമിയുടെ അവകാശത്തെപ്പറ്റിയുമുള്ള നമ്മുടെ പലരുടെയും കണ്ണീര്‍ മുതലക്കണ്ണീര്‍ മാത്രമാണ്. അവര്‍ക്ക്  ജീവിച്ചു കാണിക്കാനാവാത്ത   ജീവിതമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. തങ്ങളുടെ തെറ്റുകള്‍ക്ക് ഇരയായവരെ മറക്കുവാനാണ് അവര്‍ ചരിത്രത്തിന്റെ ഇരകളെ പ്പറ്റി വാചാലരാവുന്നത്.

    അവസാനമായി കോര്‍പ്പരേറ്റുകള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്താനും സ്വയം അതാവനും ഭാഗ്യം സിദ്ധിച്ച ആളുകളെപ്പറ്റി നാം എന്താണ് പറയേണ്ടത്. ആത്മാവിനെ കൂട്  വിട്ടു കൂട് മാറുന്ന വിദ്യ പരിശീലിപ്പിച്ചവര്‍. രാഷ്ട്രീയവും എഴുത്തും ഭൂമി വിപണനവും പത്രവും വ്യാപാരവും എല്ലാം കൈപ്പിടിയിലായവര്‍..

    പറയാനുള്ളതെല്ലാം പറഞ്ഞോ എന്നറിയില്ല..അത് തന്നെയാണോ പറഞ്ഞത് എന്നും..

     ആത്മാവില്‍ ദരിദ്രരായവര്‍ക്ക്  സ്വര്‍ഗമാണ് ശിക്ഷ. 

ആ കത്തിന്റെ പൂര്‍ണരൂപം ഇതാണ്.....


American Indian, Chief Seattle letter

American Indian, Chief Seattle, wrote to President Franklin Pierce in 1854.

How can you buy or sell the sky, the warmth of the land? The idea is strange to us. If we do not own the freshness of the air and the sparkle of the water, how can you buy them?

Every part of this earth is sacred to my people. Every shining pine needle, every sandy shore, every mist in the dark woods, every clearing and humming insect is holy in the memory and experience of my people. The sap which courses through the trees carries the memories of the red man.

The white man's dead forget the country of their birth when they go to walk among the stars. Our dead never forget this beautiful earth, for it is the mother of the red man. We are part of the earth and it is a part of us. The perfumed flowers are our sisters; the deer, the horse, the great eagle, these are our brothers. The rocky crests, the juices in the meadows, the body heat of the pony, and man--all belong to the same family.

So, when the Great Chief in Washington sends word that he wishes to buy our land, he asks much of us. The Great Chief sends word he will reserve us a place so that we can live comfortably to ourselves. He will be our father and we will be his children. So we will consider your offer to buy our land. But it will not be easy. For this land is sacred to us.

This shining water that moves in the streams and rivers is not just water but the blood of our ancestors. If we sell you land, you must remember that it is sacred, and you must teach your children that it is sacred and that each ghastly reflection in the clear water of the lake tells of events and memories in the life of my people. The water's murmur is the voice of my father's father.

The rivers are our brothers, they quench our thirst. The rivers carry our canoes, and feed our children. If we sell you our land, you must remember, and teach your children that the rivers are our brothers, and yours, and you must henceforth give the rivers the kindness you would give any brother.

We know that the white man does not understand our ways. One portion of land is the same to him as the next, for he is a stranger who comes in the night and takes from the land whatever he needs. The earth is not his brother but his enemy, and when he has conquered it, he moves on. He leaves his fathers' graves and his children's birthright is forgotten. He treats his mother, the earth, and his brother, the sky, as things to be bought, plundered, sold like sheep or bright beads. His appetite will devour the earth and leave behind only a desert.

I do not know. Our ways are different from your ways. The sight of your cities pains the eyes of the red man. But perhaps it is because the red man is a savage and does not understand.

There is no quiet place in the white man's cities. No place to hear the unfurling of leaves in spring, or the rustle of an insect's wings. But perhaps it is because I am a savage and do not understand. The clatter only seems to insult the ears. And what is there to life if a man cannot hear the lonely cry of the whippoorwill or the arguments of the frogs around a pond at night? I am a red man and do not understand. The Indian prefers the soft sound of the wind darting over the face of a pond, and the smell of the wind itself, cleansed by rain or scented with the pine cone.

The air is precious to the red man, for all things share the same breath: the beast, the tree, the man, they all share the same breath. The white men, they all share the same breath. The white man does not seem to notice the air he breathes. Like a man dying for many days, he is numb to the stench. But if we sell you our land, you must remember that the air is precious to us, that the air gave our grandfather his first breath also received his last sigh. And if we sell you our land, you must keep it apart and sacred, as a place where even the white man can go to taste the wind that is sweetened by the meadow's flowers.

So we will consider your offer to buy our land. If we decide to accept I will make one condition. The white man must treat the beasts of this land as his brothers.

I am savage and I do not understand any other way. I have seen a thousand rotting buffaloes on the prairie, left by the white man who shot them from a passing train. I am a savage and I do not understand how the smoking iron horse can be more important that the buffalo that we kill only to stay alive.

What is man without the beasts? If all the beasts were gone, man would die from a great loneliness of spirit. For whatever happens to the beasts, soon happens to man. All things are connected.

You must teach your children that the ground beneath their feet is the ashes of our grandfathers. So that they will respect the land, tell your children that the earth is rich with the lives of our kin. Teach your children what we have taught our children, that the earth is our mother. Whatever befalls the earth befalls the sons of the earth. Man did not weave the web of life, he is merely a strand in it. Whatever he does to the web, he does to himself.

Even the white man, whose God walks and talks with him as friend to friend, cannot be exempt from the common destiny. We may be brothers after all. We shall see. One thing we know, which the white man may one day discover---our God is the same God. You may think now that you own Him as you wish to own our land; but you cannot. He is the God of man and his compassion is equal for the red man and the white. The earth is precious to him, and to harm the earth is to heap contempt upon its Creator. The Whites, too, shall pass; perhaps sooner than all other tribes. Contaminate your bed and you will one night suffocate in your own waste.

But in your perishing, you will shine brightly, fired by the strength of the God who brought you to this land and for some special purpose gave you dominion over this land and over the red man. That destiny is a mystery to us, for we do not understand when the buffalo are all slaughtered, the wild horses are tamed, the secret corners of the forest heavy with the scent of many men, and the view of the ripe hills blotted out by talking wires. Where is the thicket? Gone. Where is the eagle? Gone.







എന്ത് കൊണ്ട് വിചാര ..

  1970 ലാണ് ഞാന്‍ ജനിച്ചത്‌ ..എന്റേതല്ലാത്ത കാരണങ്ങളാല്‍ .. ഞാന്‍ വളര്‍ന്ന കാലം എനിക്കിഷ്ടമായിരുന്നു. ശ ബരിമലയോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഗ്രാമമായ പെരുനാട്.. ഡിസംബര്‍ ജാനുവരിയില്‍ ഇല കൊഴിഞ്ഞു  നഗ്നരാവുന്ന റബ്ബര്‍ മരങ്ങള്‍.. മെലിഞ്ഞു നിവര്‍ന്നൊഴുകി  മുങ്ങിട്ടം കുഴി കളിയ്ക്കാന്‍ പ്രേരിപ്പിക്കുന്ന കക്കാട്ടാര്‍ .പള്ളിക്കൂട വഴികള്‍ ...അല്ലലില്ലാതെ വളര്‍ന്ന എന്നെപ്പോലൊരാളെപ്പോലും മനുഷ്യത്വം പഠിപ്പിക്കുന്ന എന്തോ ഒന്ന് അവിടൊക്കെ നിറഞ്ഞു നിന്നിരുന്നു..

    പുസ്തകം വായിച്ചു ജീവിതം തുടങ്ങിയ ഏതൊരാളെയും പോലെ ഞാനും അസ്വസ്ഥനായിരുന്നു.. ദശകങ്ങള്‍ക്ക് മുന്‍പേ ജനിച്ചു സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവാന്‍ കഴിയാതിരുന്നതില്‍ ..കുറഞ്ഞ പക്ഷം 60 കളില്‍ യുവാവായി നെഞ്ചു വിരിക്കാന്‍ കഴിയാതിരുന്നതില്‍....(ഈയടുത്ത് സുഭാഷ്‌ ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം എന്നാ പുസ്തകം വായിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പൊതുവായുള്ള ഈ എഴുപതിസം അത്ഭുതകരമായി ഞാന്‍ തിരിച്ചറിഞ്ഞു.)

    മനുഷ്യനായി വളര്‍ന്നു തുടങ്ങിയ അക്കാലത്തു എന്നെ മാറ്റി മറിച്ച സാംസ്കാരിക പ്രസ്ഥാനമായിരുന്നു വിചാര.. ബാലരമയില്‍ നിന്നും പൂമ്പാറ്റയില്‍ നിന്നും പതിമൂന്നുകാരനെ അടര്‍ത്തിയെടുത്ത് മാതൃഭൂമി ബാലപംക്തിയില്‍ പ്രതിഷ്ഠിക്കാന്‍ പോന്നതായിരുന്നു വിചാര അക്കാലത്തു സംഘടിപ്പിച്ച കവിയരങ്ങുകളും കഥയരങ്ങുകളും...

     കടമ്മനിട്ട, വി പി ശിവകുമാര്‍, ജോര്‍ജ് ജോസഫ്‌ കെ , ഡി വിനയചന്ദ്രന്‍ , നെല്ലിക്കല്‍ മുരളീധരന്‍ , പുസ്തക പ്രസാധക സംഘം, odessa , ഭാസുരേന്ദ്ര ബാബു,തിരുവനന്ത പുരം- പ്രചോദന , കുഞ്ഞുണ്ണി മാഷ്‌ എന്നിങ്ങനെ ആളുകളെയും പ്രസ്ഥാനങ്ങളെയും പെരുനാടിനു പരിചയപ്പെടുത്തിയത് വിചാരയായിരുന്നു .

   1970 കളില്‍ ജനിക്കാന്‍ വിധിക്കപ്പെട്ടഒരു തലമുറയില്‍ പെട്ടയാളാണ് ഞാന്‍.കേരളത്തിലങ്ങോളമിങ്ങോളം അക്കാലത്തു പ്രവര്‍ത്തന നിരതമായിരുന്ന ഇത്തരം ചെറു പ്രസ്ഥാനങ്ങളെയും അവയുടെ അമരക്കായിരുന്ന ചെറുപ്പക്കാരെയും ഞാന്‍ ഓര്‍ക്കുന്നു..     പെരുനാട്ടിലെ വിചാര, മറ്റു പലയിടങ്ങളിലെയും ബോധന, മോചന, ചിന്ത എന്നെല്ലാം പേരിടപ്പെട്ട ചര്‍ച്ചാ പ്രസ്ഥാനങ്ങള്‍ ഞങ്ങളുടെ തലമുറയ്ക്ക് വലിയൊരു വിമോചനമായിരുന്നു. ഈ പ്രസ്ഥാനങ്ങള്ടെയൊക്കെ  പിറകില്‍ ഓരോ കലാധരന്‍ മാഷന്മാരോ, മോഹനനേട്ടന്‍മാരോ ഉണ്ടായിരുന്നു... പൈങ്കിളി വാരികകള്‍ കത്തിക്കുകയും ഇംഗ്ലീഷ് സ്കൂളുകളെ എതിര്‍ക്കുകയുമൊക്കെ ചെയ്തു വിപ്ലവ വിരേചനം നടത്തിയ അക്കാലത്തെപ്പറ്റി ഞാന്‍ ഗൃഹാതുര തയോടെ തന്നെ ഓര്‍ക്കുന്നു.. അത്തരം ഓര്‍മ്മകള്‍ പുന:സൃഷ്ടിക്കാനുള്ള എന്റെ ശ്രമമായിരിക്കും ഈ ബ്ലോഗെഴുത്ത്...