2012 ജൂലൈ 23, തിങ്കളാഴ്‌ച

മരണശേഷം

മരണ ശേഷമിന്നെത്രയായ്‌ ..

 കഥപറച്ചിലിന്നഴിമുഖങ്ങളില്‍ 
നനവ് പുരളാത്ത ചുംബനങ്ങളില്‍
മരണമില്ലാത്ത സൌഹൃദത്തിന്‍റെ
ലഹരിയില്‍ നാം നനഞ്ഞ സായാഹ്നത്തില്‍ ..

ഒരു ശവക്കുടുക്കഴിച്ചിറങ്ങി നീ ..
പടിപ്പുര വിട്ട്..
പ്രദക്ഷിണം വച്ച് ..
പറമ്പിലെ തെക്കേ
ചെറിയ മാവിന്‍ ചോട്ടില്‍
മറഞ്ഞ ശേഷമിന്നെത്രയായ്‌

വരച്ചു ചില്ലിട്ടു കിടപ്പ് മുറിയിലെ
ചുമരില്‍ ഞാന്‍ വെച്ച നിന്‍ ചെറു  ചിത്രം
ഇടം ചില്ലുടഞ്ഞതാം മൂക്ക് കണ്ണട.
ഇരുണ്ട ഷെല്‍ഫിന്‍റെ കറുത്ത മൂലയില്‍
സ്പര്‍ശമേല്ക്കാത്ത നിന്‍ ചെറു നിനവുകള്‍ .

മരിച്ച നീയല്ലിന്നെനിക്ക് വേദന ..
മറവി തന്‍ ചിതല്‍ തിന്നു തീര്‍ത്ത നിന്‍
മരണ ഗന്ധവും
അതിലുമുഗ്രമായ്‌ തിറയെടുക്കുന്ന
വര്‍ണ്ണ സന്നാഭ ജീവിതസക്തിയും ..






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ