2011 മാർച്ച് 13, ഞായറാഴ്‌ച

ഭാഷ ചമക്കല്‍

എഴുതിയെഴുതി പിഴവ് തീര്‍ന്ന ഭാഷയില്‍
എവിടെയാണ് കവിതയ്ക്ക് പറ്റിയ പദങ്ങള്‍
എല്ലാ വാക്കും തേഞ്ഞുരഞ്ഞു മൂര്‍ച്ച പോയവ
കഷണ്ടി പോലെ മിനുസമായവ..

കവിതയെഴുതണമെങ്കില്‍ പുതിയൊരു ഭാഷ പണിയണം
പുതിയ ഭാഷയില്‍ എല്ലാ വക്കും പുതുവാക്ക് ..
ചൂടും ചൂരും ചോരയുടെ ഉപ്പും
സപ്രമഞ്ച ശൃംഗാര ചമല്‍ക്കാരവും
ഇഞ്ചോടിഞ്ചു കിട പിടിച്ചു നില്‍ക്കണം..

ഭാഷയില്‍ ഒരൊറ്റ മേശ ..ഒറ്റക്കസാല
ഒരേയൊരു ശില്‍പം..
ലബ്ധ പ്രതിഷ്ഠ കവി പുംഗവന്‍...
ചരിത്രാതീതനായ ഈ വിനീതന്‍...

പുളകം കൊണ്ട് ഭാഷയ്ക്ക്‌ തറക്കല്ലിട്ടു...
ഇനിയൊരു പേര് വേണം ..
പല വട്ടം പരതി

വാക്കായ വാക്കെല്ലാം തേഞ്ഞുരഞ്ഞവ
കഷണ്ടി പോലെ മിനുസമായവ
തടഞ്ഞ വാക്കെല്ലാം
പഴയ ഭാഷയില്‍ പുളിച്ചു പോയവ..

പുതിയൊരു പദമില്ലാതെ
മുനിഞ്ഞിരിക്കുമ്പോള്‍

അവള്‍ മുന്‍പില്‍ വന്നു ചിരിച്ചു..
അമ്മ..അമ്പത്തോന്നക്ഷരാളി...
ചിരിയില്‍ കനകച്ചിലങ്ക കിലുങ്ങി...
തൂലികത്തുമ്പിലെ  മഷിയും കെട്ടു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ