2011 മാർച്ച് 12, ശനിയാഴ്‌ച

എന്ത് കൊണ്ട് വിചാര ..

  1970 ലാണ് ഞാന്‍ ജനിച്ചത്‌ ..എന്റേതല്ലാത്ത കാരണങ്ങളാല്‍ .. ഞാന്‍ വളര്‍ന്ന കാലം എനിക്കിഷ്ടമായിരുന്നു. ശ ബരിമലയോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഗ്രാമമായ പെരുനാട്.. ഡിസംബര്‍ ജാനുവരിയില്‍ ഇല കൊഴിഞ്ഞു  നഗ്നരാവുന്ന റബ്ബര്‍ മരങ്ങള്‍.. മെലിഞ്ഞു നിവര്‍ന്നൊഴുകി  മുങ്ങിട്ടം കുഴി കളിയ്ക്കാന്‍ പ്രേരിപ്പിക്കുന്ന കക്കാട്ടാര്‍ .പള്ളിക്കൂട വഴികള്‍ ...അല്ലലില്ലാതെ വളര്‍ന്ന എന്നെപ്പോലൊരാളെപ്പോലും മനുഷ്യത്വം പഠിപ്പിക്കുന്ന എന്തോ ഒന്ന് അവിടൊക്കെ നിറഞ്ഞു നിന്നിരുന്നു..

    പുസ്തകം വായിച്ചു ജീവിതം തുടങ്ങിയ ഏതൊരാളെയും പോലെ ഞാനും അസ്വസ്ഥനായിരുന്നു.. ദശകങ്ങള്‍ക്ക് മുന്‍പേ ജനിച്ചു സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവാന്‍ കഴിയാതിരുന്നതില്‍ ..കുറഞ്ഞ പക്ഷം 60 കളില്‍ യുവാവായി നെഞ്ചു വിരിക്കാന്‍ കഴിയാതിരുന്നതില്‍....(ഈയടുത്ത് സുഭാഷ്‌ ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം എന്നാ പുസ്തകം വായിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പൊതുവായുള്ള ഈ എഴുപതിസം അത്ഭുതകരമായി ഞാന്‍ തിരിച്ചറിഞ്ഞു.)

    മനുഷ്യനായി വളര്‍ന്നു തുടങ്ങിയ അക്കാലത്തു എന്നെ മാറ്റി മറിച്ച സാംസ്കാരിക പ്രസ്ഥാനമായിരുന്നു വിചാര.. ബാലരമയില്‍ നിന്നും പൂമ്പാറ്റയില്‍ നിന്നും പതിമൂന്നുകാരനെ അടര്‍ത്തിയെടുത്ത് മാതൃഭൂമി ബാലപംക്തിയില്‍ പ്രതിഷ്ഠിക്കാന്‍ പോന്നതായിരുന്നു വിചാര അക്കാലത്തു സംഘടിപ്പിച്ച കവിയരങ്ങുകളും കഥയരങ്ങുകളും...

     കടമ്മനിട്ട, വി പി ശിവകുമാര്‍, ജോര്‍ജ് ജോസഫ്‌ കെ , ഡി വിനയചന്ദ്രന്‍ , നെല്ലിക്കല്‍ മുരളീധരന്‍ , പുസ്തക പ്രസാധക സംഘം, odessa , ഭാസുരേന്ദ്ര ബാബു,തിരുവനന്ത പുരം- പ്രചോദന , കുഞ്ഞുണ്ണി മാഷ്‌ എന്നിങ്ങനെ ആളുകളെയും പ്രസ്ഥാനങ്ങളെയും പെരുനാടിനു പരിചയപ്പെടുത്തിയത് വിചാരയായിരുന്നു .

   1970 കളില്‍ ജനിക്കാന്‍ വിധിക്കപ്പെട്ടഒരു തലമുറയില്‍ പെട്ടയാളാണ് ഞാന്‍.കേരളത്തിലങ്ങോളമിങ്ങോളം അക്കാലത്തു പ്രവര്‍ത്തന നിരതമായിരുന്ന ഇത്തരം ചെറു പ്രസ്ഥാനങ്ങളെയും അവയുടെ അമരക്കായിരുന്ന ചെറുപ്പക്കാരെയും ഞാന്‍ ഓര്‍ക്കുന്നു..     പെരുനാട്ടിലെ വിചാര, മറ്റു പലയിടങ്ങളിലെയും ബോധന, മോചന, ചിന്ത എന്നെല്ലാം പേരിടപ്പെട്ട ചര്‍ച്ചാ പ്രസ്ഥാനങ്ങള്‍ ഞങ്ങളുടെ തലമുറയ്ക്ക് വലിയൊരു വിമോചനമായിരുന്നു. ഈ പ്രസ്ഥാനങ്ങള്ടെയൊക്കെ  പിറകില്‍ ഓരോ കലാധരന്‍ മാഷന്മാരോ, മോഹനനേട്ടന്‍മാരോ ഉണ്ടായിരുന്നു... പൈങ്കിളി വാരികകള്‍ കത്തിക്കുകയും ഇംഗ്ലീഷ് സ്കൂളുകളെ എതിര്‍ക്കുകയുമൊക്കെ ചെയ്തു വിപ്ലവ വിരേചനം നടത്തിയ അക്കാലത്തെപ്പറ്റി ഞാന്‍ ഗൃഹാതുര തയോടെ തന്നെ ഓര്‍ക്കുന്നു.. അത്തരം ഓര്‍മ്മകള്‍ പുന:സൃഷ്ടിക്കാനുള്ള എന്റെ ശ്രമമായിരിക്കും ഈ ബ്ലോഗെഴുത്ത്...
  
       

1 അഭിപ്രായം:

  1. ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ ഇനിയും പുന സൃഷ്ടിക്കൂ.. അഭിനന്ദനങ്ങള്‍....മനോഹരമായ ശൈലി..

    മറുപടിഇല്ലാതാക്കൂ