ഗുരുകുലം ഹൈസ്കൂള്‍
അക്ഷരാര്‍ത്ഥത്തില്‍ ഒരു ഹൈ സ്കൂളായിരുന്നു. മനോഹരമായൊരു
കുന്നിന്റെ നെറുകയിലാണ് എന്നത് കൊണ്ട് മാത്രമല്ല ..പ്രൈമറി ക്ലാസ്സുകളുടെ
അഭാവം എട്ടാം തരത്തില്‍ വന്നു ചേരുന്ന
കുട്ടികളില്‍ തങ്ങള്‍ മുതിര്‍ന്നൊരു മേഖലയില്‍ എത്തിപ്പെട്ടിരിക്കുന്നു എന്നൊരു
തോന്നലുളവാക്കിയിരുന്നു. ബോര്‍ഡിംഗ് സ്കൂള്‍ എന്ന നിലയില്‍ അത് ശരിക്കും ഒരു ഗുരുകുലവുമായിരുന്നു . അന്നൊക്കെ ബോര്‍ഡിംഗ് സ്കൂള്‍ എന്ന് പറഞ്ഞാല്‍ ഇംഗ്ലീഷ്
മീഡിയം സ്കൂള്‍ എന്നൊരു സാമാന്യ വിശ്വാസമാണ് നിലവിലുണ്ടായിരുന്നത്. അതിന്
ഒരപവാദമായിരുന്നു മലയാളം ബോര്‍ഡിംഗ് സ്കൂള്‍ എന്ന ഈ വിസ്മയം.
ഇടക്കുളത്തേക്കുള്ള
എന്‍റെ ആദ്യ യാത്ര ഒരു ജീപ്പിലായിരുന്നു. ബോര്‍ഡിംഗ് വാസത്തിന്‍റെ അവിഭാജ്യ
ഘടകമായിരുന്ന ട്രങ്ക് പെട്ടി എന്ന് സങ്കര ഭാഷയില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന
തകരപ്പെട്ടി കൊണ്ട് പോവേണ്ടത് കൊണ്ടായിരുന്നു ആ സൌജന്യം.ചെറിയ കുന്നുകള്‍ വളഞ്ഞു
നീങ്ങുന്ന ജീപ്പില്‍ റബ്ബര്‍ തോട്ടവും പറങ്കി മാവുകളും കാശാവിന്‍ കാടുകളും
പിന്നിട്ടത് ഓര്‍മ്മ വരുന്നു. ഓടിട്ട പഴയ ബോര്‍ഡിംഗ് ഹോം കെട്ടിടത്തിന്‍റെ
മുറ്റത്ത് വന്നിറങ്ങുമ്പോഴേക്ക് സ്കൂളും ഇടക്കുളം എന്ന ഗ്രാമവും എന്‍റെ പില്‍ക്കാലത്തെ നിറവാര്‍ന്ന ഗൃഹാതുരതയായി രേഖപ്പെടുത്തപ്പെട്ടു
കഴിഞ്ഞിരുന്നു.. കേവലം മൂന്ന് വര്‍ഷം മാത്രം വസിച്ച ഈ ഗ്രാമം എനിക്ക് ജന്മ ഗ്രാമത്തെക്കാള്‍ പ്രിയപ്പെട്ടതായി.
പിന്നീട്
ഇടക്കുളത്തേക്കുള്ള പല യാത്രകളിലും അപ്പൂപ്പനായിരുന്നു കൂട്ട്. വടശ്ശേരിക്കരയില്‍
എത്തിയാല്‍ ബസ് കാത്തു നില്‍ക്കുക തുടങ്ങിയ ആഡംബരങ്ങള്‍ക്ക് ഒന്നും കാരണവന്മാര്‍
അത്ര വലിയ താത്പര്യം
കാട്ടാറുണ്ടായിരുന്നില്ല. ചന്ത പിന്നിട്ട് കൊച്ചാര്‍ ഇറങ്ങിക്കയറി കുറച്ചങ്ങു
നടന്നാല്‍ ഇടക്കുളമായി എന്ന ഭൂമിശാസ്ത്രം അപ്പൂപ്പന്‍ പഠിപ്പിച്ചു തന്നു.കിലോമീറ്ററുകള്‍ നീളുന്ന ആ നടത്തയ്ക്കുമുണ്ടായിരുന്നു ഒരു സുഖം.
മഹാഗണി മരങ്ങള്‍
നിഴല്‍ വീഴ്ത്തിയ സ്കൂള്‍ പരിസരം ശാന്തിയും കുളിര്‍മ്മയും നിറഞ്ഞതായിരുന്നു. ബദാം
മരങ്ങള്‍ മഞ്ഞയും പച്ചയും ഇളം ചുവപ്പും ഇലകള്‍ കൊണ്ട് അതിനു വര്‍ണ്ണാഭ പകര്‍ന്നു.
മഴ പെയ്തു പോയ പ്രഭാതങ്ങളില്‍ നനവിറ്റി നിന്ന പുല്‍ച്ചെടികളില്‍ മഴവില്ലുകള്‍
വിടര്‍ന്നു. കൈ വിടുന്ന ബാല്യത്തിന്‍റെയും നാമ്പെടുക്കുന്ന കൌമാര പ്രതീക്ഷകളുടെയും
കാലം കൂടിയായിരുന്നു അത്. ഗുരുകുലത്തോട് പ്രകൃതിയും ആ കുന്നിന്‍ പുറത്തിന്‍റെ നന്മകളോട് വിദ്യാലയവും നീതി പുലര്‍ത്തി. ആ പാരസ്പര്യത്തില്‍ അന്നെല്ലാം
സ്കൂളുകളില്‍ സര്‍വ്വ സാധാരണമായിരുന്ന മുദ്രാവാക്യം വിളികളും സമര കാഹളങ്ങളും
അപ്രസക്തമായി . അടക്കിപ്പിടിച്ച സംസാരത്തിന്‍റെ ഇരപ്പോ ചീവീടിന്‍റെ സമൂഹ ഗാനമോ മാത്രം സ്കൂള്‍ കാംപസ്സില്‍ മുഴങ്ങി. മഴക്കാലങ്ങളില്‍ വിദൂരത്ത്
തലയുയര്‍ത്തി നിന്ന നെടുമ്പാറയില്‍ നിന്നും വെള്ളച്ചാട്ടത്തിന്‍റെ ഇരമ്പലുയര്‍ന്നു. കാറ്റില്‍ മരങ്ങളുലഞ്ഞുണ്ടാവുന്ന വിടവുകളിലൂടെ വെള്ളിപ്പാദസരം പോലെ വെള്ളച്ചാട്ടം
വെളിപ്പെടുന്നത് ഞങ്ങള്‍ അത്‌ഭുത്തോടെ
കണ്ടു നിന്നു.
ഞാന്‍ ബോര്‍ഡിങ്ങില്‍ ചേരുമ്പോള്‍ തോമസ്
അബ്രഹാം സാര്‍ എന്ന ശാന്തന്‍ സാറായിരുന്നു ഗുരുകുലാധിപന്‍ അഥവാ ബോര്‍ഡിംഗ്
മാസ്റ്റര്‍. സാറിന്‍റെ ശാന്തതയ്ക്ക് ഭംഗം വരാതെ നോക്കാന്‍ അന്തേവാസികള്‍ ബദ്ധ ശ്രദ്ധരായിരുന്നു.,
പഠന മുറി, പ്രാര്‍ത്ഥനാ വേദി കളിയിടങ്ങള്‍ , ഭക്ഷണ ശാല എന്നിവിടങ്ങളിലെല്ലാം അടുക്കും ചിട്ടയും ഉറപ്പു
വരുത്തുന്ന ഒന്നായിരുന്നു സാറിന്‍റെ കൃത്യമായ സാന്നിധ്യം. ഗുരു പത്നി ഓമന
ടീച്ചറുടെ വാത്സല്യം പുരണ്ട ചിരി വീട് വിട്ടു പോന്ന വേദനയ്ക്ക് എപ്പോഴും മരുന്നായി. നിറയെ ചെടികള്‍
വളര്‍ന്നു പന്തലിച്ച ആ വീടും മക്കളുമെല്ലാം ബോര്‍ഡിംഗ് ഹോമിന്‍റെ ഭാഗം
തന്നെയായിരുന്നു.
മുഴക്കമുള്ള ശബ്ദവും ആഴമുള്ള മലയാളവുമായിരുന്നു ബോര്‍ഡിംഗിലെ
സഹാധിപനായിരുന്ന രാജു സാമുവല്‍ സാര്‍ .ഭാഷ എന്ന വിശേഷണം മലയാളത്തിന്
മാത്രമായിരുന്ന അക്കാലത്ത് സ്കൂളിലെ ഭാഷാ സ്നേഹികളുടെ ആരാധനാ പാത്രം കൂടിയായിരുന്നു
സാര്‍. ഇപ്പോഴും ഓര്‍മ്മയില്‍ കടന്നു വരുന്നത് പത്താം ക്ലാസ്സുകാര്‍ക്ക് മോഡല്‍
ക്ലാസ്സെടുക്കുന്ന രാജു സാറാണ്. ക്ഷോണീന്ദ്ര പത്നിയുടെ വാണീം..നിശമ്യ പുനര്...നടുങ്ങി നില്‍ക്കുന്ന മാലിനിയുടെ ചിത്രം സഹിതമായിരുന്നു ആ ക്ലാസ്.
രാവിലത്തെ പഠന സമയം
ഏതാണ്ട് അവസാനിക്കാറാവുമ്പോഴേക്ക് ധൃതിയില്‍ കുന്നു കയറി വരുന്ന ഗുരുകുലനാഥനെ
കാണാം. എല്ലായ്പോഴും ചടുലമായ ചലനങ്ങളായിരുന്നു അന്ന് ഹെഡ് മാസ്റ്ററായിരുന്ന ജോണ്‍
മാത്യു സാറിന്‍റെ പ്രത്യേകത.
നാരായണന്‍ , രവി ,
കുഞ്ഞുമോന്‍ എന്നീ പുരുഷ പ്രജകളായിരുന്നു ബോര്‍ഡിംഗിലെ അന്നദാതാക്കള്‍... കാച്ചിയ
മോര് മുതല്‍ ഉലര്‍ത്തിയ ഇറച്ചി വരെ നാവില്‍ അവരുണര്‍ത്തിയ രുചികളില്‍ നിന്ന്
ഇന്നും ഞാന്‍ മോചിതനല്ല പില്‍ക്കാലത്ത്
ഒരുപാട് മെസ്സുകളും പൊതു അടുക്കളകളും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഒരു
വീട്ടടുക്കള യേക്കാള്‍ പരിശുദ്ധമായിരുന്ന ഗുരുകുലത്തിലെ അടുക്കള പരിസരം ഓര്‍മ്മയില്‍
വരും. ‘ഇച്ചേയി’ എന്ന് എല്ലാവരാലും വിളിക്കപ്പെട്ടിരുന്ന ഒരമ്മയായിരുന്നു
അടുക്കളയിലെ സഹായി.
വൈകുന്നേരങ്ങളില്‍ ബോര്‍ഡിംഗ് സജീവമായി. ഫുട്ബാള്‍, ബാസ്കറ്റ് ബാള്‍ കളിക്കാര്‍ക്ക് ശാന്തന്‍ സാറും ചെസ്സ് , കാരംസ്
ഇനക്കാര്‍ക്ക് രാജു സാറും നേതൃത്വം നല്‍കി. ഇതൊന്നുമല്ലാതെ മറ്റൊരു സാധ്യതയും
അവിടെയുണ്ടായിരുന്നു. കാശാവിന്‍ കാടുകള്‍ അതിരു ചാര്‍ത്തുന്ന റബ്ബര്‍ തോട്ടത്തില്‍ സ്വപ്നങ്ങളെ
അലയാന്‍ വിട്ടു വെറുതെ നടക്കാം. കരിമ്പാറക്കെട്ടുകളില്‍ ആകാശം നോക്കി കിടക്കാം.പറങ്കി മാവിന്‍റെ ചാഞ്ഞ ശിഖരങ്ങളില്‍ അലസമായിരുന്നു പ്രകൃതിയെ ശ്രവിക്കാം. വേറൊരു ബോര്‍ഡിംഗ് സ്കൂള്‍ അന്തേ വാസികള്‍ക്കും ഇങ്ങനെയൊരു
പ്രകൃത്യാനുഭവം ലഭ്യമായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ബോര്‍ഡിംഗ് വാസത്തിന്‍റെ
നന്മ തിന്മകളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഈ തുറന്ന ബോര്‍ഡിംഗ് സങ്കല്പം പലപ്പോഴും
അവതരിപ്പിച്ചിട്ടുണ്ട്.
സ്കൂള്‍ വര്‍ഷത്തിന്‍റെ
അവസാന മാസങ്ങളില്‍ വരള്‍ച്ച കുന്നിന്‍ മുകളിലെ കിണറിനെ തളര്‍ത്തും. റബ്ബര്‍ മരങ്ങള്‍
ഇല കൊഴിഞ്ഞു നഗ്നരാവും. അപ്പോഴാണ് പുലര്‍ച്ചകളിലും
വൈകുന്നേരങ്ങളിലും പമ്പാ നദിയിലേക്കുള്ള മാര്‍ച്ച്. വിശാലമായ മണല്‍പ്പുറത്ത്
തിമര്‍ത്തു. നദിയുടെ ആഴക്കുറവില്‍ മുങ്ങാം കുഴി കളിച്ചു. ഇടക്കുളം ജങ്ങ്ഷനില്‍
നിന്നും പുഴ വരെ നീളുന്ന ആ വഴി ഇപ്പോഴുമുണ്ടെങ്കില്‍, ഇല കൊഴിഞ്ഞ റബ്ബര്‍ മരങ്ങള്‍
നിഴല്‍ വീഴ്ത്തുന്ന ചെമ്മണ്‍ പാതയിലൂടെ ഉദിച്ചു വരുന്ന ആദ്യ കിരണങ്ങളേറ്റു നടക്കുവാന്‍
മനസ്സ് പ്രലോഭിപ്പിക്കപ്പെടുന്നുണ്ട്.
പ്രാര്‍ത്ഥനകളില്‍
എല്ലാവരും ആവേശത്തോടെ പങ്കു കൊണ്ടു. ഞായറാഴ്ച്ചകളെ ആനന്ദകരമാക്കിയത് പുതുശ്ശേരിമല
പള്ളിയിലേക്കുള്ള യാത്രയായിരുന്നു. ചെമ്മണ്‍ പാതയിലൂടെ ഒരു നീണ്ട നടത്ത. സ്കൂളില്‍
ഒപ്പം പഠിച്ചിരുന്ന കൂട്ടുകാരുടെയൊക്കെ വീടുകള്‍ ദൂരെ കാണാം. അടിച്ചേല്പ്പിക്കപ്പെടാത്ത
ഒരച്ചടക്കത്തോടെയായിരുന്നു ആ യാത്ര. ക്രമം
തെറ്റിക്കുന്ന അക്രമത്തിന് ആരും മുതിര്‍ന്നില്ല. അക്കാലത്ത് സഹപാഠിയായിരുന്ന തോമസ്
മാത്യു എന്ന തോമ്മാച്ചന്‍ ഒരു പുതിയ നിയമം എനിക്ക് സമ്മാനമായി തന്നു. വിഭിന്ന ദര്‍ശനങ്ങളുടെ
സൌന്ദര്യത്തെ സംബന്ധിച്ച ആദ്യ പാഠം. ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷ യാത്ര
ഇടക്കുളം അമ്പലത്തിലെത്തുന്ന
ഉത്സവപ്പുലരികളില്‍ ഞങ്ങള്‍ അമ്പലത്തിലെത്തി. ഇടക്കുളം എന്ന ഗ്രാമം എനിക്ക്
പരിചിതമാക്കിയത് പ്രിയപ്പെട്ട സ്നേഹിതനായ സജിയായിരുന്നു. തോമ്മാച്ചന്‍റെ അമ്മച്ചിയും
സജിയുടെ അമ്മയും വീട്ടു വിഭവങ്ങളുടെ ഒരു പങ്ക് എന്നും എനിക്കായി കരുതി വച്ചു.
വര്‍ഷത്തിലൊരിക്കല്‍
സഭാ ആസ്ഥാനത്തു നിന്ന് രണ്ട് സുവിശേഷകരായവൈദികര്‍
ബോര്‍ഡിങ്ങില്‍ എത്തുമായിരുന്നു. അവരുടെ വരവ് ഒരാഘോഷമായിരുന്നു. പുതിയ പാട്ടുകള്‍,
ബൈബിള്‍ ക്വിസ് പ്രോഗ്രാമുകള്‍, സമ്മാനമായി പുതു പുസ്തകങ്ങള്‍. എല്ലാത്തിനുമുപരി
വൈകുന്നേരങ്ങളില്‍ സ്ലൈഡ് ഷോയുമുണ്ടായിരുന്നു. പരദേശി മോക്ഷ യാത്ര അടിസ്ഥാനമാക്കിയ
ഒരു ഷോ എത്ര കണ്ടാലും മതി വരാറില്ലായിരുന്നു. അച്ചന്‍റെ മനോഹരമായ വിശദീകരണമായിരുന്നു
ഏറെ ഹൃദ്യം. ഏതു പ്രശ്നവും തുറന്നു കേള്‍ക്കുവാന്‍ തയ്യാറായിരുന്ന അവരുടെ
സാന്നിധ്യം എല്ലാവരും ആവേശത്തോടെ കാത്തിരുന്നു.
ഗുരുകുല കാലമായിരുന്നു എന്‍റെ ഓണ ദിനങ്ങള്‍. അന്നത്തെപ്പോലെ
ക്രിസ്തുമസ് മറ്റൊരിക്കലും ഞാന്‍ ആഘോഷിച്ചിട്ടില്ല. അത്ര
രുചിയുള്ള കേക്ക് മറ്റൊരിടത്തും ഞാന്‍ കഴിച്ചിട്ടില്ല. കൌമാര സഹജമായ അഹംഭാവങ്ങളെയൊക്കെ
അനുതാപത്തോടെ സഹിച്ച അധ്യാപകര്‍. ശുഭ്ര
വസ്ത്ര ധാരിണിയായിരുന്ന കുഞ്ഞൂഞ്ഞമ്മ ടീച്ചര്‍, പ്രിയപ്പെട്ട മലയാളാധ്യാപിക
തങ്കമ്മ ടീച്ചര്‍, ഉയരക്കുറവായിട്ടും എന്‍
സി സി യില്‍ ചേരണമെന്ന അതിമോഹം
സാധിപ്പിച്ചു തന്ന കോശി സാര്‍ , വിശേഷണങ്ങള്‍ക്കും മേലേ ഉയര്‍ന്നു നിന്ന
സാമുവല്‍ സാര്‍ അങ്ങനെയെല്ലാവരും ഇപ്പോള്‍ ഓര്‍മ്മകളില്‍ അണി നിരക്കുകയാണ്.
ഗുരുകുല
ജീവിതത്തെപ്പറ്റി എത്രയോ പേജുകള്‍ ഇനിയും എഴുതാനാവും. വിടവാങ്ങല്‍ പ്രസംഗങ്ങള്‍ക്കും
അവസാനപരീക്ഷയ്ക്കും ശേഷം ഇലകള്‍ വീണു മറഞ്ഞ ചെമ്മണ്‍ പാത പിന്നിടുമ്പോള്‍ പല തവണ
തിരിഞ്ഞു നോക്കി. ഇന്ന് മധ്യ വയസ്സിന്‍റെ നിറവില്‍ നിന്ന് കഴിഞ്ഞ കാലം
വീക്ഷിക്കുമ്പോള്‍ മനസ്സിലാവുന്നു, വളഞ്ഞും തിരിഞ്ഞും മുന്നേറുന്ന കരിയര്‍ ഗ്രാഫുകളല്ല,
മനസ്സിനെ ഉന്മേഷം കൊണ്ട് നിറയ്ക്കുന്ന ആ ഓര്‍മ്മകള്‍ തന്നെയാണ് ജീവിതം.
നല്ല മനുഷ്യരാവാന്‍
പഠിപ്പിക്കുന്ന ഒന്ന് ഈ വിദ്യാലയ പരിസരത്ത് എന്നുമുണ്ടായിരുന്നു. നന്മ ഇവിടെ
മഹാഗണി മരങ്ങളായി വളര്‍ന്നു പന്തലിച്ചു. ആഹ്ലാദം വര്‍ണങ്ങള്‍ ചാലിച്ച ഇലച്ചാര്‍ത്തുകളായി.
കൊഴിഞ്ഞു വീണ ഇലകളില്‍ ഗതകാല സ്മൃതികള്‍ തിരയാനായി. അങ്ങനെയൊക്കെ അക്കാലം
ജീവിതത്തിന്‍റെ വസന്തമായി. ഒരിക്കലും നഷ്ടമാവാത്ത ഓര്‍മ്മകളുടെ പറുദീസയായി.
ജൂബിലികള്‍
പിന്നിടുന്ന ഗുരുകുലത്തില്‍ പഠിച്ചു പോയവരെയും ഇന്ന് പഠിക്കാന്‍ അവസരം
ലഭിച്ചിരിക്കുന്നവരേയും ഇനി പഠിക്കാനിരിക്കുന്നവരെയും ഞാന്‍ അഭിവാദ്യം
ചെയ്യുന്നു. ഈ തലമുറ കളെയെല്ലാം ഗുരുകുല
നന്മ കൊണ്ട് നിറയ്ക്കുന്ന കര്‍മം നിറവേറ്റി പടിയിറങ്ങിയ അധ്യാപക ശ്രേഷ്ര്Oര്‍ക്കും ഇപ്പോഴും ആ കര്‍മത്തില്‍ മുഴുകിയിരിക്കുന്ന അവരുടെ പിന്മുറക്കാര്‍ക്കും എന്‍റെ നമോവാകം.
.............................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ