2011 ഏപ്രിൽ 12, ചൊവ്വാഴ്ച

ഓര്‍മ്മയെഴുതുമ്പോള്‍ സംഭവിക്കുന്നത്

    ഓര്‍മയെഴുതിന്റെ സര്‍ഗാത്മകതയെ പ്പറ്റി ഒരന്വേഷണം എന്ന നിലയില്‍ കുറേക്കാലം മുന്‍പ് ജനയുഗം വാരാന്ത്യപ്പതിപ്പില്‍ ഒരു ലേഖനം എഴുതിയിരുന്നു. ഓര്‍മ്മകള്‍ അതിര് കടക്കുന്നു എന്ന തോന്നലില്‍ എഴുതിയ ഒരു കുറിപ്പ്.   ഓര്‍മ്മയെഴുതിന്റെ അനുവാചകന്‍ എന്ന നിലയില്‍ അതിനൊരു നിര്‍വചനവും വിശദീകരണവും ആവശ്യമുണ്ടെന്നു തോന്നുന്നു.

    മറവിക്കെതിരായ ഓര്‍മ്മയുടെ സമരം എന്ന രൂപകം ഓര്‍ക്കാമല്ലോ . രാഷ്ട്രങ്ങള്‍ ഇല്ലാതാവുകയോ പുനര്‍നിര്‍മ്മിക്കപ്പെടുകയോ  ചെയ്ത ഒരരക്ഷിത കാലം പിന്നിട്ടു നാം എത്തി നില്‍ക്കുന്നത് ചെറുത്തു നില്‍പ്പുകളില്ലാത്തത് കൊണ്ട് ചരിത്രം അസംബന്ധമായി തീരുകയും കമ്പോളത്തിന് മാത്രം പ്രസക്തിയുള്ളതുമായി എന്ന് വിലയിരുത്തപ്പെടുന്ന  വിഭ്രമാത്മകമായ ഒരു കാലത്താണ് .എല്ലാവരും എല്ലാം മറന്നു പോവുകയും ചരിത്രം ഭരണാധികാരികള്‍ക്കെല്ലാം ശല്യപ്പെടുത്തുന്ന ഓര്‍മ്മകളാവുകയും ചെയ്യുന്ന ഇക്കാലത്ത് . പത്ര പ്രവര്‍ത്തകന്‍ എന്ത് ചെയ്യുന്നു ..എഴുത്തുകാരന്‍ എന്ത് ചെയ്യുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഓര്‍മ്മകള്‍ ഉപയോഗിക്കപ്പെടുന്നത് എങ്ങനെയാണ് എന്ന് ആലോചിച്ചു പോവുന്നത് .

   നമ്മുടെ ഓര്‍മ്മിക്കലുകള്‍ സത്യത്തില്‍ ചെറുത്ത് നില്‍പ്പുകള്‍ തന്നെയാവുന്നുണ്ടോ ...ഓര്‍മിച്ചു കൊണ്ടെയിരിക്കുമ്പോള്‍ തന്നെ ഓര്‍ക്കപ്പെടേണ്ട എന്തോ ഒന്ന് നമ്മുടെ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞു പോവുന്നുണ്ടോ... ചരിത്രത്തില്‍ നിന്ന് ചില അസംബന്ധ ഭരണകൂടങ്ങള്‍ മറുപടിയില്ലാതെ മാഞ്ഞു പോയത് പോലെ..

    പലപ്പോഴും പത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമിടയിലെ അതിര്‍വരമ്പ് ലംഘിക്കപ്പെടുന്നയിടമാണ് ഓ ര്‍മ്മയെഴുത്ത്. വൈയക്തികമായ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് മുമ്പൊക്കെ പത്രാധിപര്‍ അനുവദിച്ചിരുന്ന  സ്ഥാലം ഷഷ്ടിപൂര്‍യായവര്‍ക്കുള്ള  ഉപഹാരമായിരുന്നു. അത്തരം പല കുറിപ്പുകളും വി കെ എന്‍ പറഞ്ഞത് പോലെ "അമേരിക്ക കണ്ട ഞാന്‍ " എന്ന മട്ടിലായിരുന്നു താനും. പിന്നീട് ഒരു സമരായുധമെന്ന നിലയില്‍ ഓര്‍മ്മയെ ഉപയോഗപ്പെടുത്തുവാനുള്ള ആഗ്രഹത്തില്‍ നിന്ന് തന്നെയാണ് പത്ര-സാഹിത്യ പ്രവര്തകരോക്കെ ഓര്‍മ്മയെഴുതിലേക്ക് തിരിഞ്ഞത്. ഇന്നാവട്ടെ പല ഓണപ്പതിപ്പുകളും ഓര്‍മ്മപ്പതിപ്പുകള്‍ കൂടിയാണ്. പ്രണയത്തെപ്പറ്റി , വിപ്ലവതെപ്പറ്റി, അമ്മയെപ്പറ്റി, സൌഹൃദത്തെപ്പറ്റി, മരണത്തെപ്പറ്റി, ഗ്രാമത്തെയും നഗരത്തെയും പറ്റി, ലഹരി രാവുകളെപ്പറ്റി ഓര്‍മ്മകള്‍ ഒരുക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.

       ദൌര്‍ഭാഗ്യവശാല്‍ ഇന്ന് പുനരാനയിക്കപ്പെടുന്ന ഓര്‍മ്മകള്‍ സംഘബോധത്തെയോ ചെറുത്തുനില്‍പ്പുകളെയോ  മോഹിപ്പിക്കുന്നില്ല . അവ പലപ്പോഴും വൈയ്യക്തികമായ ആഘോഷങ്ങളില്‍ മുഴുകുകയാണ്.ആനന്ദകരമായ കൂട്ടായ്മകളിലും കാല്പനിക വിഷാദങ്ങളുടെ മുല്ലപ്പൂ മുറ്റത്തും അലഞ്ഞു തിരിയുകയാണവ. കമ്പോളത്തിന്റെ സ്വാഭാവിക ചലനങ്ങള്‍ക്ക് അനുസൃതം തന്നെയാണ് നാം നടത്തുന്ന കപട കലാപങ്ങളെല്ലാം. എന്ന് അവ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.

   എല്ലാ ഓര്‍മകളും ഇങ്ങനെയാനെന്നല്ല. വ്യാധികള്‍ കോപിക്കുന്ന വയനാടന്‍ മഴക്കാലത്തെ പ്പറ്റിയും എല്ലാവരും കൈവിട്ട രോഗികളുടെ ഇടയില്‍ നാറ്റം അവിസ്മരണീയമായ മണം എന്ന് ഗണിച്ചു പണിയെടുക്കുന്ന വയനാടന്‍ ഗാ ന്ധിയെപ്പറ്റിയും പുഴ കടന്നു കനം കുറഞ്ഞ നിഴലായി...ശര്‍ക്കരയുപ്പേരിയുടെ മധുരമായി കടന്നു വരുന്ന അച്ചനെപ്പറ്റിയും കല്പറ്റ നാരായണന്‍ എഴുതുമ്പോള്‍ ഓര്‍മ്മ സചേതനമായ അനുഭവമാവുന്നു. യു ജി സി യും നെറ്റുമില്ലാത്തവര്‍ പഠിപ്പിക്കുകയും തറയിലെ കുഴികളില്‍ വലിയ കുഴിയാനകളെ ഒളിപ്പിക്കുകയും ചെയ്യുന്ന പഴയ പാരലല്‍ കോളെജുകളെപ്പറ്റി മൈന ഉമൈബാന്‍ എഴുതുമ്പോള്‍...ചിദംബര സ്മരണകളില്‍ കവി സ്വയം ഉരുകിയ മാപ്പപേക്ഷയായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഒക്കെ ഓര്‍മയുടെ സാധ്യതകള്‍ നമ്മെ പ്രകോപിപ്പിക്കുന്നുണ്ട്. കാമ്പുള്ള എണ്ണമറ്റ ഓര്‍മ്മകള്‍ ബ്ലോഗുകളില്‍  പറന്നു കിടക്കുന്നുണ്ട്.

     വിറ്റു  പോകാന്‍ സാധ്യതയുള്ള എന്തിനെയും മാര്‍ക്കറ്റ്‌ ചെയ്യാനുള്ള നമ്മുടെ അടങ്ങാത്ത മോഹമാണ് ഓണപ്പതിപ്പുകളെ ഓര്‍മ്മപ്പതിപ്പുകളാക്കുന്നത് . അസ്വസ്തതയുളവാക്കുന്നത് ഈ കമ്പോള സ്പര്‍ശം തന്നെയാണ് . ഇന്ന് പ്രധാനമായും മൂന്ന് തരത്തില്‍ ഓര്‍മ്മകള്‍ പുനരാനയിപ്പെടുന്നുന്ടെന്നു തോന്നുന്നു. ആന്തരിക ചോദനയില്‍ നിന്ന് സത്യസന്ധമായി ഉറവെടുക്കുന്ന സര്‍ഗവൈഭവം നിറഞ്ഞ ഓര്‍മ്മകളാണ് ഒന്ന്.നിര്‍മലമായ വായനാനുഭവമായി മാറി വായനക്കാരന്റെ ഉള്ളില്‍ മറഞ്ഞു കിടക്കുന്ന എന്തിനെയൊക്കെയോ ഉണര്‍ത്തുന്ന എഴുത്തുകള്‍. അത് പോലെ പറയാന്‍ ബാക്കി വച്ചത് എന്തോ ഉണ്ട് എന്ന് ഉള്‍ത്തള്ളലോടെ തിരിച്ചറിയുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട എഴുത്തുകളും ഉണ്ട് . സ്വാഗതാര്‍ഹമായ രചനാ രീതികള്‍ .
    ധൈഷണികതയെ കമ്പോള വസ്തുവായി തിരിച്ചറിഞ്ഞ സെന്‍സേഷനല്‍ പത്രപ്രവര്‍ത്തകരാണ് ഓര്‍മകളെ അവമതിക്കുന്ന മൂന്നാം കൂട്ടര്‍.പറയുന്നതൊക്കെ സത്യമായിരിക്കുമ്പോഴും സത്യമായതെല്ലാം പറയാതെയും പറഞ്ഞ സത്യത്തിന്റെ പൊരുള്‍ തിരിക്കാതെയും വായനക്കാരന്റെ ഇടം അനിശ്ചിതമാക്കുന്നവര്‍. ഈ പുത്തന്‍ സെന്‍സേഷണലിസ്റ്റ് പല സര്‍ഗധനരുടെയുമുള്ളില്‍ ഉറങ്ങിക്കിടക്കുകയും പത്രാധിപരുടെ ആവശ്യാര്‍ത്ഥം പരകായ പ്രവേശം  നടത്തി വായനക്കാരെ ബാധയായി ആവേശിക്കുകയും ചെയ്യുന്നു. ആഴ്ച്ചപ്പതിപ്പുകള്‍ ആവേശത്തോടെ തുറക്കപ്പെടുന്നു.. എന്താണ് ഈയാഴ്ചയിലെ വെളിപ്പെടുത്തലുകള്‍. മഹാ കവി മഹാ മദ്യപാനിയായിരുന്നെന്നോ.വിപ്ലവകാരിയായ എക്സ് കമ്മതിപ്പുരയിലെ നിത്യ സന്ദര്‍ശകനായിരുന്നെന്നോ..
  
     വിപരീത ബുദ്ധിയില്‍ നിന്ന് ഉളവാകുകയും സാമൂഹികമോ സര്‍ഗപരമോ ആയ കടമകളൊന്നും നിര്‍വഹിക്കാനില്ലാത്തതുമായ  ഓര്‍മ്മയൊഴുക്കിനു ഉദാഹരണങ്ങളാണ് കഥകള്‍ നിലച്ചു പോയ ചില  കഥാ കൃത്തുക്കളെന്കിലും. പ്രണയങ്ങള്‍ , വിവാഹങ്ങള്‍, പ്രണയിനിമാരുടെ കുഴിമാടങ്ങള്‍...
  
      ഒരു ഓര്‍മ്മപ്പതിപ്പില്‍ എഴുത്തുകാരന്‍ എഴുതിയ കാലം വിശദീകരിക്കുകയുണ്ടായി. ആര്‍ത്തിയോടെ തപാല്‍ക്കാരനെ കാത്തിരുന്ന അക്കാലത്തെ പ്പറ്റി എഴുതുമ്പോള്‍ കാലമൊഴികെ എല്ലാമുണ്ടവിടെ  എന്നതാണവസ്ഥ. വ്യക്തിയുണ്ട്.. പ്രസിദ്ധരായ സുഹൃത്തുക്കളുണ്ട് ..അവരുടെ ദൌര്‍ബല്യങ്ങളുണ്ട് . സ്വന്തം പ്രണയവും ലഹരിയുമുണ്ട്..ഒരു തലമുറ ബന്ധങ്ങള്‍ തേടി നടക്കുകയും സംഘം ചേരാന്‍ കൊതിക്കുകയും നിരാശാ ഭരിതരാവുകയും ചെയ്ത അക്കാലം മാത്രമില്ല.
  
     കാപ്സൂള്‍ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്ന പ്രശസ്തരുടെ സൌഹൃദങ്ങളും  വായനയുടെ ലോകത്തു ചെയ്യപ്പെടുന്ന തെറ്റുകളാണ്. ചെവിയിലാണ് സെക്സ് എന്ന മന്ത്രണം മാത്രമാണോ കുഞ്ഞുണ്ണി മാഷ്‌ . വെറും വയറ്റില്‍ രണ്ടെണ്ണം വീശുന്ന രസം മാത്രമാവുമോ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി. ഏത് പാതിരയ്ക്കും ലിക്കര്‍ സംഘടിപ്പിക്കുന്ന വിരുതന്‍ എന്നതാണോ സി വി ശ്രീരാമന്റെ ബിരുദം. ഇത്തരം എഴുത്തുകള്‍ സംവേദിക്കുന്നത്
വായനാനുഭവവും ജീവിതാനുഭവവും കുറയുകയും അനുദിനം അരാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്താണെന്നതും ഗൌരവത്തോടെ വീക്ഷിക്കപ്പെടേണ്ടതാണ് . പോയ കാലത്ത് നിന്നും അടര്‍ത്തിയെടുക്കപ്പെടുന്ന ചിതലരിച്ച ഓര്‍മ്മകള്‍  കാലികമായ പ്രസക്തിയൊന്നും വെളിവാക്കുന്നില്ലെന്നു മാത്രമല്ല നിസ്സാര  വത്കരിക്കലുകള്‍ വഴി ചരിത്രത്തോടും വ്യക്തികളോടും തെറ്റ് ചെയ്യുക എന്ന അധാര്‍മ്മികതയ്ക്കും മുതിരുന്നു. . അതുകൊണ്ടാണ് ഓര്‍മ്മയെഴുതിനു മുതിര്‍ന്നാല്‍ കേസ് കൊടുക്കുമെന്ന് ചിലര്‍ക്കെങ്കിലും ഭീഷണി മുഴക്കേണ്ടി വരുന്നത്,ഒരാളെ അടയാളപ്പെടുത്തേണ്ടത് താനാണ് എന്ന് വേറൊരാള്‍ ധരിച്ചു പോവുന്നതിലും വലിയ അസംബന്ധമെന്താണുള്ളത്.

    ഓര്‍മ്മകള്‍ പകര്‍ത്തിയെഴുതലും ഇടക്കാലത്ത് വ്യവസായിക വളര്‍ച്ച നേടിയ ഉത്പന്നമാണ്. കൊല്ലപ്പണി ക്കാരന്‍, ചുമട്ടു തൊഴിലാളി, ചെരുപ്പ് കുത്തുന്നവര്‍ തുടങ്ങിയ കൈവേലക്കാര്‍ മാത്രമല്ല കൂടിക്കൊടുപ്പുകാര്‍ വേശ്യ വൃത്തി ജീവിത മാര്‍ഗമാക്കിയവര്‍ , കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവര്‍ ഒക്കെയും ഓര്‍മ്മകള്‍ പറഞ്ഞു കൊടുക്കുകയും പത്ര പ്രവര്‍ത്തകന്‍ തന്റെ  മൂശയില്‍ അത് ഉരുക്കി വാര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ ആര്‍ക്കെങ്കിലും ഓര്‍മ്മയെഴുത്ത് നിഷിദ്ദമാണെന്ന ധാരണയൊന്നും എനിക്കില്ല.പക്ഷെ അയാളുടെ ഓര്‍മ്മ കാലത്തില്‍  അയാളെ അടയാളപ്പെടുത്തുന്നതായിരിക്കണം എന്നുണ്ട്. എല്ലാ ഡോക്ടര്‍മാരുടെയും ആത്മ ഭാഷണങ്ങള്‍ക്ക് ഒരേ പ്രസക്തിയുണ്ടാവുക സാധ്യമല്ലല്ലോ. എവിടെ അങ്ങനെ അടയാളപ്പെടുതലുകള്‍ ഒന്നും നിര്‍ബന്ധമില്ല . കൃത്യമായ  കൂലിയാണ് പ്രതിബദ്ധത. പറയുന്നയാള്‍ക്കും എഴുതുന്നയാള്‍ക്കും. ഇവരൊക്കെ പത്ര പ്രവര്‍ത്തകന്റെ ചവിട്ടു പടിയാണെന്ന സത്യം തുറന്നു പറയാനുമാവില്ല. പറയുന്നവന്‍ ഇക്കാലത്തെ ഏറ്റവും വലിയ ചീത്ത വാക്കായ ഇടതു സവര്‍ണ-സാമ്രാജ്യത്വ പിണിയാള്‍ ആയി മുദ്ര കുത്തപ്പെടും.

    എതിര്‍ വായന എന്ന ലേബലൊട്ടിച്ച ചില തരം എഴുത്തുകളുണ്ട് . ഇവയില്‍ സാഹിത്യംശം പൊതുവേ കുറവായിരിക്കേണ്ടതുണ്ട്. പൊതുവേ സംസാര ഭാഷ തന്നെ പ്രയോഗിക്കാം. വ്യവഹരിക്കുന്ന മേഖലയ്ക്കനുസരിച്ചു കുറഞ്ഞും കൂടിയും അശ്ലീല പദങ്ങള്‍ പ്രയോഗിക്കുന്നതില്‍ തെറ്റില്ല. ഓസ്കാര്‍ ജേതാവ് ചലച്ചിത്ര അക്കാദമിക്കാലം സ്മരിച്ച്  എഴുതിയത്  ഒരു വാരിക പ്രസിദ്ധീകരിച്ചിരുന്നു. നടുക്ക് കുത്തും പാദാദിപ്പൊരുത്തവുമുള്ള പദങ്ങളാല്‍  സുഗമമായ വായനാനുഭവം പകര്‍ന്ന എഴുത്ത്.

    ഓര്‍മ്മപ്പെടുത്തല്‍ പലപ്പോഴും ഒരു സമരമാവാതിരിക്കുന്നു എന്നും മറിച്ചു പ്രതിലോമാപരമായി ഉപയോഗിക്കപെടുന്നു എന്നുമുള്ള ചിന്തയാണ് പൊതുവേ ഓര്‍മ്മകളില്‍ അഭിരമിക്കുന്ന എന്നെ ഭരിക്കുന്നത്. എന്തായാലും വൈയക്തികമായ അനുഭവങ്ങള്‍ പകര്‍ത്തുന്നതിനുള്ള ആരുടേയും അവകാശത്തെ ഈ കുറിപ്പ് ചോദ്യം ചെയ്യുന്നില്ല . ഓര്‍മകളുടെ തിരഞ്ഞെടുപ്പില്‍ ഒരു വായനക്കാരന്റെ പക്ഷം പ്രകടമാക്കുക മാത്രമാണ് ഉദ്ദേശ്യം .

      ഒരു പിന്‍ കുറിപ്പ് കൂടി....ഇട്ടൂപ്പ് മുതലാളിയും പയ്യനും ഇന്ന് ജീവനോടെയുണ്ടായിരുന്നെന്കില്‍ പയ്യനെക്കൊണ്ട് വിഭവ സമൃദ്ധമായ ഓര്‍മ്മക്കുറിപ്പുകള്‍ തന്നെ എഴുതിച്ചേനെ . തന്റെ ഇന്റര്‍ നാഷണല്‍ പ്രസാധക സുഹൃത്തുക്കളോട് മുതലാളി ഇങ്ങനെയാവും പറയുക. "ദിസ് പയ്യന്‍ , ബെസ്റ്റ്‌ മെമ്മറി ..ഗുഡ് പബ്ലിഷ്... ബിഗ്‌ സെയില്‍ ..ഫിഫ്ടി ഫിഫ്ടി .. ( പയ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഗംഭീരം. നന്നായി പബ്ലിഷ് ചെയ്‌താല്‍ വിട്ടു പോകും..ലാഭം പപ്പാതി..)