ജൂലൈ -ആഗസ്ത് മാസങ്ങളിലാണ് ശ്രാവണ്‍. മണ്‍സൂണ്‍ മേഘങ്ങളുടെ നിഴല്‍ വീണ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത് വ്രതാനുഷ്ടാന കാലമാണ്. ഭാരതീയ പാരമ്പര്യ പ്രകാരം ശൈവാരാധനയ്ക്ക് പ്രാധാന്യമുള്ള കാലം കൂടിയാണിത്. ഇക്കാലത്ത് പുണ്യ തീര്‍ത്ഥ സ്നാനത്തിനും മറ്റും വന്‍ തിരക്കാണ് പ്രത്യേകിച്ചും ഗംഗാ തീര സ്നാന ഘട്ടങ്ങളില്‍...
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ മധ്യ പ്രദേശ് , യു. പി , ഉത്തരാഞ്ചല്‍ , ബീഹാര്‍ തുടങ്ങിയിടങ്ങളിലെല്ലാം നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന ഒരു അനുഷ്ടാനമാണ് കാവടി യാത്ര എന്നറിയപ്പെടുന്നത്. ഹരിദ്വാര്‍ , ഗുരുമുഖ്, ഗംഗോത്രി തുടങ്ങിയ പുണ്യ തീര്‍ത്ഥങ്ങളില്‍ സ്നാനം നടത്തിയ ശേഷം ഗംഗാജലം നിറച്ച കാവടികളുമായി കാല്‍ നടയായി യാത്ര തിരിക്കുന്ന തീര്‍ത്ഥാട കര്‍ തങ്ങളുടെ ഗ്രാമങ്ങളിലെ ശിവ ക്ഷേത്രങ്ങളില്‍ എത്തി ശിവ ലിംഗത്തില്‍ ജലാഭിഷേകം നടത്തുന്നതാണ് ഈ അനുഷ്ടാനം. ശ്രാവണ്‍ മാസത്തിലെ ശിവരാത്രി ദിവസമോ അമാവാസി നാളിലോ ആണ് അഭിഷേക ചടങ്ങ് നടക്കുക. ഇതിനു മുന്നോടിയായി ഗംഗാ തീരങ്ങളിലേക്ക് പ്രവഹിക്കുന്ന ഭക്തര്‍ നൂറോളമോ അതിലധികമോ കിലോമീറ്ററുകള്‍ തിരിച്ചു കാല്‍ നടയായി സഞ്ചരിക്കുന്നു. എത് മതാനുഷ്ടാനത്തെയും പോലെ വിശ്വാസവും അന്ധമായ ഭക്തിയും കാപട്യവുമെല്ലാം ഇഴ ചേരുന്ന ഈ ഉത്സവ നാളുകളില്‍ തീര്‍ഥാടകര്‍ ദേശീയ പാതകള്‍ കയ്യടക്കുന്നു. ഗ്രാമങ്ങള്‍ ഉന്മാദകരമായ ആലസ്യത്തിലാവുന്നു.
ഹരിദ്വാരിനെയും ഡല്‍ഹിയേയും ബന്ധിപ്പിക്കുന്ന ദേശീയ പാത -58 ല്‍ തീര്‍ഥാടകര്‍ .
നമ്മുടെ പാല്‍ക്കാവടികളില്‍ നിന്നും വ്യത്യസ്തമാണ് ശിവ കാവടികള്‍. മുകളറ്റം ഉരുണ്ടു പരന്നതല്ല ഇവ. മറിച്ച് തൃകോണാകൃതിയില്‍ ചേര്‍ത്ത് കെട്ടിയ കമ്പുകളില്‍ തൊങ്ങണങ്ങള്‍ ചാര്‍ത്തിയത് . ഗംഗാ ജലം പേറുന്ന പാ ത്രങ്ങള്‍ ഇരു വശത്തും. പൂവ് പോലെ പേറാവുന്നതല്ല എന്തായാലും ...
ലക്ഷ്യത്തിലേക്ക് ഒറ്റയ്ക്ക്...
കാവടികള്‍ വിശ്രമത്തിലാണ്..
ആഡംഭരങ്ങളോ തൊങ്ങലുകളോ ഇല്ലാത്ത കാര്യമാത്ര പ്രസക്ത കാവടികള്‍ ..ഗംഗാജലത്തിന്റെ ഭാരം ..
ദേശീയ പാതാ നിരോധനം ഇയാള്‍ക്ക് ബാധകമല്ല...തീര്‍ഥാടകരും വേണ്ട വിധത്തില്‍ ബഹുമാനിക്കും ...

പല തരം കാവടികളുടെ ഘോഷ യാത്രയാണ് തെരുവില്‍...
നമ്മുടെ കെട്ടു കാഴ്ചയുടെ ഒരു വികൃതാനുകരണമെന്നെ പറയാനാവൂ ഈ ഋഷഭ രൂപത്തെ ..
ചില കൌതുക കാഴ്ചകളുമുണ്ട് കൂട്ടത്തില്‍ഉത്സവങ്ങളെ ആഘോഷമാക്കുന്നവര്‍ ..ഇവരില്ലെന്കില്‍ ഒരു പക്ഷെ എല്ലാം എത്ര വിരസമായിരിക്കും....
ഇത്തിരി ആഡംഭരം ....
ഇത്തവണ കണ്ട സഫലമായ കാഴ്ചകളിലോന്ന് ഈ മതേതര കാവടിയായിരുന്നു..
ഹിന്ദു ക്ഷേത്രവും മുസ്ലിം പള്ളിയും സിഖ് ഗുരു ദ്വാരയും അവതരിപ്പിച്ച ഈ കാവടി സംഘം പ്രത്യാശയുടെ ഒരു ഉണര്‍വ് നല്‍കി.
ഇതാ ഇങ്ങനെയാണ് ഗ്രാമങ്ങളില്‍ കാവടി യാത്രയുടെ അവസാനം. പ്രധാന തെരുവില്‍ നിന്നും ഗ്രാമ ക്ഷേത്ര വഴിയില്‍ ഓരോരുത്തരും എത്തുന്നത് ശയന പ്രദക്ഷിണം അല്ലെങ്കില്‍ അത് പോലെയുള്ള സ്വയം പീഡന അനുഭവങ്ങളിലൂടെയാണ്..
സ്വയം പീഡനം നമ്മുടെ സാധനാ പാരമ്പര്യത്തിന്റെ ഒരു പ്രധാന ഘടകം തന്നെയാണ്. ഋഷികള്‍ മുതല്‍ വിപ്ലവകാരികള്‍ വരെ അവശ്യം സ്വീകരിച്ച ആത്മ സാധക വഴി..
തെരുവില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ ഹരിദ്വാറിലെക്കുള്ള ട്രെയിന്‍ ചൂളമടിച്ചു പായുന്നു. ഗംഗാ തീരത്തേക്കുള്ള യാത്രയില്‍ മുകളിലെങ്കിലും സീറ്റ് തരപ്പെട്ടത്തില്‍ തൃപ്തരാണ് തീര്‍ഥാടകര്‍. ഒരു നീണ്ട നടത്തക്കായുള്ള യാത്ര.
ഈ കാഴ്ചയുടെ അവസാനം നിങ്ങള്‍ക്കെന്തു തോന്നുന്നു...കാവടി എന്ന ലിംഗാരാധനാ ശൈലിയുടെ പാരമ്പര്യത്തെപ്പറ്റി അത്ഭുതം.നമ്മുടെ ശൈവാരാധനാ സമ്പ്രദായത്തെപ്പറ്റിയും അത് വഴി ഭാരത സംസ്കാരത്തിന്റെ അടിസ്ഥാനമായി ഇപ്പോഴും വര്‍ത്തിക്കുന്ന ദ്രാവിഡ സംസ്കാരധാരയെ പ്പറ്റി യും അഭിമാനം. ?
ഉത്തരേന്ത്യയുടെ വൈഷ്ണവ ..ബ്രാഹ്മണ പുറം മോടികള്‍ക്കകത്ത് ഒരു ദ്രാവിഡ -ശൈവപാരമ്പര്യം ഒളിച്ചു കിടക്കുന്നുണ്ട്...കാവടിയാത്ര പോലെയുള്ള ആഘോഷങ്ങളിലെ വന്‍ സാന്നിധ്യം അധസ്ഥിതരുടെതാണെന്നത് യാദൃശ്ചികമല്ല. കാല ഭൈരവ ക്ഷേത്രങ്ങളിലെ മദ്യപൂജ പോലെയുള്ള തെളിവുകള്‍ വേറെയുമുണ്ട്...പ്രകോപിക്കപ്പെടുവാന്‍ ഏറെ സാധ്യതയുള്ള മതാചാര ഭ്രമങ്ങള്‍ അടിത്തട്ടില്‍ ഒളിപ്പിച്ചു വച്ചിട്ടാണ്... ഒരു പക്ഷെ ഉണ്ടായിരുന്ന ഒരു ഏകത്വത്തെ ബലി കഴിച്ചിട്ടാണ് നാം ഇല്ലാത്ത നാനാത്വത്തില്‍ നിന്നും ഒരു ഏകത്വത്തെ തേടിപ്പിടിക്കുന്നത്...
കായികാധ്വാനം ആവശ്യമുള്ള എല്ലാ അനുഷ്ടാനങ്ങളും അധസ്ഥിതരുടെതാണ് എന്നതും മറക്കാനാവില്ല..അത് കെട്ടു കാഴ്ചയോ ..പടയണിയോ.പാല്‍ക്കാവടിയോ എന്തുമാവട്ടെ.
1990 വരെയും കാവടിയാത്ര ചില സന്നദ്ധ പ്രവര്‍ത്തകരുടെയും സന്യാസി മാരുടെയും നേതൃത്വത്തില്‍ ചെറിയ തോതില്‍ നടന്നു പോന്നിരുന്ന ഒന്നായിരുന്നു എന്ന് പറയപ്പെടുന്നു. 90 കളിലെ മത ധ്രുവീകരണത്തിന് അധസ്ഥിതരില്‍ ഉറങ്ങിക്കിടന്നിരുന്ന പല പ്രതീകങ്ങളെയും വ്യവസ്ഥാപിത ഹിന്ദു സമൂഹത്തിനു അനുകൂലമാക്കി മാറ്റാന്‍ രാസ ത്വരകമായി വര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ഒരു സത്യമാണ്.
സാഹിത്യത്തിന്റെ ദളിത് ഭാഷ വത്കരണത്തിലൂടെയൊക്കെ ദളിതരില്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് സൃഷ്ടിക്കാനാവുമെന്നു വ്യാമോഹം കൊള്ളുന്ന നാം മതത്തിന്റെ ഈ അടിത്തറ ഇനിയും കണ്ടറിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. വിപ്ലവം പോയിട്ട് ദൈവം വിചാരിച്ചാല്‍ പോലും രക്ഷ പ്പെടുത്താനാവാത്ത ഈ ആര്‍ഷ ഭൂമി ...എന്നോ മറ്റോ ആണ് നമ്മുടെ വി . കെ . എന്‍ പറഞ്ഞു വച്ചത് എന്ന് തോന്നുന്നു. എന്തായാലും നമ്മുടെ മതേതര സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ഈ ആര്‍ഷ ഭൂമിയില്‍ നിന്ന് തന്നെ നാം കാരണങ്ങള്‍ തേടെണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം നമ്മുടെ ആശയ ഭൂമികയുടെ വ്യാപ്തി കുറയുകയും തിരിച്ചു പോവുന്നവരുടെ എണ്ണം കൂടുകയും ചെയ്യും.



















