2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

രമേശന്മാരുടെ പ്രസ്ഥാനവും ഞാനും

    നമ്മുടെ വി വി രമേശന്‍ മകള്‍ക്ക് മെഡിക്കല്‍ കോളേജില്‍ സീറ്റ്‌ തരപ്പെടുത്തിയ പ്രശ്നവുമായി ബന്ധപ്പെട്ടാണ് എനിക്ക് ഈ തലക്കെട്ട്‌ വീണു കിട്ടുന്നത്. പത്രങ്ങളിലൊക്കെ രമേശന്മാരുടെ പ്രസ്ഥാനം എന്നൊക്കെ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ വാഴ്ത്തപ്പെട്ടു .നമ്മെപ്പോലെ  മധ്യ വര്‍ഗ ജീവിതം ജീവിക്കുവാന്‍ വിധിക്കപ്പെട്ട രാഷ്ട്രീയ വാദികളോ അരാഷ്ട്രീയ വാദികളോ  ആയ മാധ്യമോപ ജീവികള്‍ തീര്‍ച്ചയായും നമുക്ക് മുന്‍പേ പറന്നു പോവുന്ന  പക്ഷികളായി സ്വന്തം നേതാക്കളെ തന്നെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന കാലമാണിത്. എന്റെ നാടിന്‍റെ   ചെഗുവേരയായി ഞാന്‍ വിശേഷിപ്പിച്ചിരുന്ന  ഒരു നേതാവ് ലോറി ഉടമസ്ഥനായി തമിള്‍ നാട്ടില്‍ നിന്നും പച്ചക്കറി കൊണ്ട് വന്നു ബിസിനെസ്സ്‌ നടത്തുന്നത് കാണേണ്ടി വന്നതിലെ ഇശ്ചാഭംഗം   പട്ടാള ജീവിതം വിട്ടു പോന്ന എനിക്ക് മാറിയിട്ടില്ലായിരുന്നു താനും . ആ പഴയ ഉറക്കക്കാരന്‍റെ  കഥ പോലെ ഇക്കാലം കാണുകയും അക്കാലം തേടുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു ഞാന്‍.  അതിനിടയില്‍  മാധ്യമ ഭീകരര്‍ ഉള്ളി തൊലിക്കുംപോലെ പൊളിച്ചെടുത്ത് നമ്മുടെ മുന്‍പില്‍ വെച്ച ഈ പ്രശ്നതെക്കാള്‍ എന്റെ മനസ്സിലുടക്കിയത് രമേശന്മാരുടെ പ്രസ്ഥാനം എന്ന   പേര് ഒരു അവമതിയായി വിലയിരുത്തപ്പെട്ട അവസ്ഥയാണ് .

     എനിക്കൊരു സഖാവ് രമേശനെ അറിയാം...കോളേജില്‍ ഞാന്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായി ചേര്‍ന്ന  എണ്പതുകളുടെ അവസാനത്തില്‍ ആദ്യ പരിചയം. അന്നൊക്കെ എസ് എഫ് ഐ ക്കാരെ ഒന്ന് വേറിട്ടറിയാം. പ്രത്യേകിച്ചു പ്രഭാ പരിവേഷങ്ങളൊന്നുമില്ലാതെ കുട്ടികള്‍ക്കിടയില്‍  ചിരിച്ചും പറഞ്ഞും നിന്ന അയാളിലേക്ക് ഞാനങ്ങു ചെന്നു വീഴുകയായിരുന്നു...ജ്ഞാനസ്നാനത്തിനു സര്‍വ്വ സന്നദ്ധതയോടെയും ..

     ഇപ്പറഞ്ഞ സഖാവ് രമേശന്‍ ഇപ്പോഴും നിലവിലുണ്ട്..പൂര്‍ണമായ സമര വീര്യത്തോടെ...കോളേജു വിട്ടയന്നു മുതല്‍ അഷ്ടിക്കുതകുന്ന പാരലല്‍ കോളേജും പ്രസ്ഥാനത്തിന്‍റെ  നീക്ക് പോക്കില്ലാത്ത സമര പരിപാടികളും പിരിവു പരിപാടികളും  ഒരേ പോലെ നെഞ്ചില്‍ പേറിക്കൊണ്ട്... മക്കളുടെ പനി..ചുമ..പരീക്ഷകള്‍..പുതിയ വിദ്യാഭ്യാസ സമ്പ്രദായം രക്ഷിതാവില്‍ അടിച്ചേല്‍പ്പിച്ച പ്രൊജക്റ്റ്‌ ജോലികള്‍ ..അരി , തുണി..ആഘോഷങ്ങള്‍ എല്ലാം സഹിക്കാന്‍ തയ്യാറായി കൂടെ വന്ന ഭാര്യ സഖാവില്‍ ഭരമേല്‍പ്പിച്ചു കൊണ്ട്..അന്നെന്ന പോലെ ഇന്നും ഉത്തരവാദപ്പെട്ട സഖാവാണ് ഞാന്‍ എന്ന് മനസ്സിലും കാണുന്ന നമ്മോടോക്കെയും പേര്‍ത്തും പറഞ്ഞും ഉറപ്പിച്ചു കൊണ്ട്...

  ഓരോ അവധിക്കാലത്തും അയാളെ കാണുന്നതാണ് എന്‍റെ  തീര്‍ഥാടനം.പറഞ്ഞു സംരക്ഷിക്കാന്‍ ബുദ്ധി മുട്ടുള്ള  സമകാലീന രാഷ്ട്രീയ നേര് കേടുകളെ ഒരു വിശ്വാസിയുടെ സ്ഥൈര്യതോടെ നേരിടുന്നത് കാണുമ്പൊള്‍ വേദന തോന്നും . തങ്ങള്‍ തന്ത്ര പ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്ന കമ്മറ്റി യോഗങ്ങളില്‍  മിണ്ടാതിരിക്കണം  എന്ന്  സഹ സഖാക്കള്‍ ആവശ്യം ഉന്നയിക്കാറുണ്ട് എന്നും കേള്‍ക്കുന്നു.

   ഒരിക്കല്‍ ഡല്‍ഹിയില്‍ വന്നിരുന്നു ..ഒരു സമര പരിപാടിയില്‍പങ്കെടുക്കാന്‍ ..ആവശ്യപ്പെട്ടത് ഒന്ന് മാത്രം..എ. കെ. ജി ഭവന്‍ ഒന്ന് നേരില്‍ കാണണമെന്നുണ്ട്. ഉന്നതാധികാര കേന്ദ്രങ്ങളെ പേടിയാണെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി ഞാനും കൂടെ പോയി. പതിനെട്ടാം പടി കണ്ട അയ്യപ്പ ഭക്തനെപ്പോലെയായിരുന്നു. എന്തായാലും എ. കെ ജി ഭവനിലെ സഖാക്കള്‍ ഞങ്ങളെ ഊഷ്മളമായി സ്വീകരിച്ചു..സഖാവ് രാമചന്ദ്രന്‍ പിള്ളയുടെ ഇടുങ്ങിയ എഴുത്തു മുറി കണ്ടു. സ്നേഹത്തോടെ കൈ സ്വീകരിച്ച സഖാവ് കാരാട്ടിനെ കണ്ടു. മടങ്ങുമ്പോള്‍ ആലോചനയോടെ പറഞ്ഞു . "ആ കോണ്‍ഫറന്‍സ് മുറി കണ്ടോ സഖാവേ ..ആഡംബരത്തിന്റെ കുറവാണ് മനുഷ്യനെ സ്നേഹവാനാക്കുന്നത്. നമ്മുടെ ജില്ലാ കമ്മറ്റി ഓഫീസുകള്‍ക്ക് നഷ്ടമായി പോവുന്നത്. "

             എന്‍റെ അന്നത്തെ രാഷ്ട്രീയ രഹിതരായ പട്ടാള സ്നേഹിതരെപ്പോലും സഖാവേ എന്ന് അഭി സംബോധന ചെയ്യുകയും അവരുമായെല്ലാം ഇപ്പോഴും സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് ഇപ്പറഞ്ഞ സഖാവ്  ..

                 അപ്പോള്‍ രമേശന്മാരുടെ പ്രസ്ഥാനം എന്ന് അവമതിക്കും മുന്‍പ്  ഒന്ന് കൂടി ചിന്തിക്കേണ്ടതില്ലേ ....