വര്‍ഗ്ഗീസിന്റെ മരണ വാര്‍ത്ത പത്രത്തില്‍ വായിച്ചെടുക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല . എഴുപതുകളില്‍ ജനിച്ചയാളാണ് ഞാന്‍. എഴുപതുകളിലെ ബാലന്മാര്‍ വളര്‍ന്നു വന്നു പങ്കിട്ട നിരാശ കളില്‍ ഒന്ന് അറുപതുകളില്‍ അവര്‍ ഇല്ലാതെ പോയി എന്നതായിരുന്നു.
ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്തേനെ എന്ന് കുറേക്കാലം ഞാനും വിശ്വസിച്ചിരുന്നു. തോക്കിന്‍റെ സര്‍ഗാത്മകത തേടല്‍ എന്നൊക്കെയുള്ള അമൂര്‍ത്തമായ ചില സങ്കല്പ്പങ്ങളാണ് അക്കാലത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അവശേഷിപ്പിച്ചിരുന്നത്. വായനശാല പ്രവര്‍ത്തന വുമായൊക്കെ വീട്ടില്‍ വരുന്ന ചെറുപ്പക്കാരെ എഴുപതുകളില്‍ മുതിര്‍ന്നു കൊണ്ടിരുന്ന ഞങ്ങളുടെ മധ്യ വര്‍ഗ്ഗ രക്ഷിതാക്കള്‍ പിള്ളേരെ പിടുത്തക്കാരെയെന്ന പോലെയാണ് വീക്ഷിച്ചിരുന്നത് . എന്നിരിക്കിലും ഞാന്‍ അവരില്‍ നിന്നൂറി വരുന്ന അറുപതുകളുടെ കഥക്ക് കാത്തു കൊണ്ടേയിരുന്നു .
ഞാന്‍ മുതിര്‍ന്ന കാലത്തെ വിപ്ലവം വേറെയായിരുന്നു. കോളേജ് മുടക്കി പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്യാന്‍ പോവുകയും ..കൃത്യം അരമണിക്കൂറിനു ശേഷം പോലീസ് വണ്ടിയില്‍ കയറി മുദ്രാവാക്യം വിളിക്കുകയും സ്റ്റേഷനില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നടപടി ക്രമങ്ങള്‍ പൂര്‍യാക്കുന്നതിനിടയില്‍ സമാധാനമായി ചായയും വടയും കഴിക്കുകയും പിന്നെ കൃത്യമായി തന്നെ ബസ്സില്‍ കയറി വീട്ടില്‍ പോവുകയും ചെയ്യുന്നതായിരുന്നു ഞങ്ങളുടെ രീതി. അന്നും ചാത്തന്‍ തറയില്‍ നിന്നൊക്കെ പഠിക്കാന്‍ വരുകയും പഠനം വലിയ കാര്യമാക്കാതിരിക്കുകയും ചെയ്തിരുന്ന സഖാക്കളുടെ കണ്ണുകളില്‍ അഗ്നിയുണ്ടായിരുന്നു. അത് കണ്ടില്ലെന്നു നടിക്കാന്‍ ബുദ്ധി മുട്ടായിരുന്നു. സമാധാന പരമായ സമരങ്ങളുടെ സ്വീകാര്യതയിലും അവയിലെ പങ്കാളിത്തം ഉറപ്പു നല്‍കിയ ഒരു തരം സംഘ സുരക്ഷയിലും അതൊക്കെ പിന്നെപ്പിന്നെ കെട്ട് പോയി.
അക്കാലത്തെ അര്‍ത്ഥ രാഹിത്യത്തില്‍ മനം മടുത്ത പലരെയും പില്‍ക്കാലത്ത് കണ്ടിട്ടുണ്ട്. ഭരണകൂടത്തിനു വേണ്ടി തോക്ക് പിടിക്കുമ്പോള്‍ സര്‍ഗാത്മകത ആവശ്യമില്ലാതെയാവുന്നു. തോക്കെന്നു മാത്രമല്ല പേനയുടെ കഥയും അത് തന്നെയാണല്ലോ. പട്ടാളക്കാരും ഗുമസ്തന്മാരും അധ്യാപകരുമായി എല്ലാവരും പരിവര്‍ത്തനം ചെയ്യപ്പെട്ടു.
ആസാദിന് വര്‍ഗീസിന് കിട്ടിയ സ്വീകാര്യത കൈ വരുവാന്‍ ഇനിയും ഒരു പാട് കാലം കാത്തിരിക്കേണ്ടി വരുമായിരിക്കും. സംശയവുമാണ് . കാരണം നമുക്ക് അറുപതുകളിലെ ചെറുപ്പക്കാരുടെയത്ര ഓര്‍മ്മകള്‍ സൂക്ഷിക്കുവാന്‍ കഴിവുമില്ല. ജെ എന്‍ യു വിനെ ത്രസിപ്പിച്ച ധിഷണകളില്‍ പലതും ബീഹാറില്‍ വെടിയുണ്ടകളാല്‍ ഈയടുത്ത കാലത്തും ചിതറപ്പെട്ടിട്ടുണ്ട് .
കിഷന്‍ ജി... ഒരു പക്ഷെ തെറ്റായിരുന്നു. സോഷ്യല്‍ ഫാസിസമെന്ന മുഖം മൂടിയണിയിക്കപ്പെട്ട ശത്രുവിനെതിരെ അണി നിരന്നത് കടുത്ത ഫാസിസ്റ്റ് ചേരിയില്‍ തന്നെയായിരുന്നു. വെളുത്ത ഒറ്റപ്പാളി കോട്ടന്‍ സാരിയുടെ നൈര്‍മ്മല്യമല്ല ഒരാളുടെ ചേരി നിര്‍ണ്ണയിക്കുന്നത്. രാഷ്ട്രീയ ഭരണാധികാരത്തിന്‍റെ പ്രശ്നം കൈ കാര്യം ചെയ്യേണ്ടത് താത്കാലിക സംഭവ വികാസങ്ങളുടെ ഗതി വിഗതികളുടെ ചുവടു പിടിച്ചുമായിക്കൂടാ.
സ്വയം സമര്‍പ്പണം കൊണ്ട് ..സമൂഹത്തിനു ബലിയായിക്കൊണ്ട് ..പറഞ്ഞ വാക്കിന് എല്ലിന്റെ കരുത്തുണ്ടെന്ന് തെളിയിച്ചവരുടെ പട്ടികയില്‍ അവരും. ആത്മ നിന്ദയെ അര്‍ത്ഥ ഗര്‍ഭമായ സംവാദങ്ങള്‍ കൊണ്ട് മൂടി ഇപ്പോള്‍ ഈ പത്ര വാര്‍ത്തകള്‍ വായിക്കുവാന്‍ കെല്‍പ്പുറ്റ ഞങ്ങളും ..