2015 നവംബർ 21, ശനിയാഴ്‌ച

മന്ദബുദ്ധികളുടെ ചുംബന സംവാദം

ചുംബനം ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഇക്കുറി, അറച്ചും മറച്ചും ചര്‍ച്ച ചെയ്യേണ്ടുന്ന  ഒരു കാര്യമെന്ന പോലെ. സമരകാലത്ത് ഇതായിരുന്നില്ല അവസ്ഥ. ചുംബനം സ്ഫോടകാത്മകമായിരുന്നു. തണുത്തുറഞ്ഞ ഒരു ചുംബനത്തില്‍ നിന്നെന്ന പോലെ  ആ ചര്‍ച്ചകളുടെ അലയൊലികളില്‍ നിന്ന് ഇന്ന് മലയാളി സമൂഹം പിന്നിലേക്ക്‌ പോവുമ്പോള്‍ ആ സമരത്തെപ്പറ്റി അന്ന് എഴുതി വച്ച കുറിപ്പ് പ്രസക്തം എന്ന് തന്നെ തോന്നുന്നു. (16 ഡിസംബര്‍ 2014)

"ചുംബന സമരം , എന്ന് പേരിടപ്പെട്ടതും വൈയക്തിക സ്വാതന്ത്ര്യത്തില്‍ ചുവടുറപ്പിച്ചതുമായ ഒരു  Installation എങ്ങനെയാണ് സാമൂഹിക കടമകളിലും മൂല്യങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന എന്‍റെ ഇടതു പക്ഷ സ്നേഹിതര്‍ക്കു അഭികാമ്യമായത് എന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല.
 ആത്യന്തികമായി സദാചാര പോലിസ് നടപടികളെചെറുക്കുകയും സാമൂഹികമര്യാദകള്‍ പുലര്‍ത്തുകയുംചെയ്യുന്ന സാധാരണ ജനസാമാന്യത്തെ വലതുപക്ഷ- മത- ഫാസിസ്റ്റ്- പക്ഷത്തേക്ക് ആഘോഷത്തോടെആനയിക്കുകയാണ് ഈ സമരം ( അത് സമരമാണെങ്കില്‍) ചെയ്തത്.
 ഒരു പക്ഷെ സാമൂഹികമായ എല്ലാ സത്യങ്ങളും തമസ്കരിക്കുകയോ പുനര്‍വായിക്കുകയോ ചെയ്യുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ ഈ സത്യവും കണ്ടില്ലെന്നുനടിക്കുകയാണ്. അതിന്‍റെ പ്രതിഫലനമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സച്ചിദാനന്ദനും കല്പ്പറ്റയും എന്‍ എസ്സുമൊക്കെ എഴുതിയ ലേഖനങ്ങള്‍. ഹിപ്പിയിസവും സ്ട്രീക്കിങ്ങുമൊക്കെ പുരോഗമന പരമെന്ന് എഴുതി പഠിച്ച ഒരു ആധുനിക സ്ലേറ്റ് മലയാളികളുടെ അബോധ മനസ്സില്‍ ഇപ്പോഴുമുണ്ട്. അത് മാറണമെങ്കില്‍ എണ്ണം പറഞ്ഞ നമ്മുടെ ആധുനികരുടെയൊക്കെ എഴുത്തും ജീവിതവും വെവ്വേറെ പഠിക്കണം. .നമ്മുടെ ഇന്നത്തെ കടമ വര്‍ഗീയ ഫാസിസത്തെ ചെറുക്കുക എന്നതാണ്. ചുണ്ടുകളില്‍ കൊത്തുക എന്നതല്ല."
 ഒരു ഉടന്‍ പ്രതികരണത്തിലെ അപാകതകള്‍ ഉണ്ടെങ്കില്‍ കൂടി ഞാന്‍ ഈ അഭിപ്രായത്തില്‍ തന്നെ ഇപ്പോഴും.  ചുംബന സമരത്തെ കപട സദാചാരത്തിന് എതിരായുള്ള  സമരമായി വ്യാഖ്യാനിച്ചു കൊണ്ടാണ് പല സഖാക്കളും അതിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന  നിലപാടുകള്‍ സ്വീകരിച്ചത്. എന്നാല്‍ വര്‍ഗ്ഗപരമായ അടിത്തറയില്ലാത്ത  ഇത്തരം സമരങ്ങള്‍ എപ്രകാരമാണ് ഫാസിസ്റ്റ്കള്‍ക്കും ബൂര്‍ഷ്വാസിക്കും സഹായക മാവുക എന്ന് വിലയിരുത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ശ്രീ പുരുഷ ബന്ധത്തിലെ സാമൂഹിക ഇടപെടലുകള്‍ മുന്‍പെങ്ങും  ആരും വിലയിരുത്തിയിട്ടേയില്ല  എന്ന മട്ടിലാണ്  പ്രതികരണങ്ങള്‍ വന്നത്. സത്യത്തില്‍ മാര്‍ക്സിസ്റ്റ്‌കള്‍ ഇത്രയധികം  തല പുകച്ച് ചര്‍ച്ച  ചെയ്തിട്ടുള്ള  മറ്റൊരു വിഷയം ഉണ്ടാവില്ല. 

സ്ത്രീ വിമോചന വാദികള്‍ തയ്യാറാക്കിയ ഒരു ലഘു ലേഖ യുടെ കരടില്‍ തിരുത്തല്‍  വരുത്തിക്കൊണ്ട്. സഖാവ് ലെനിന്‍ എഴുതി." സ്നേഹിക്കുവാനുള്ള സ്വാതന്ത്ര്യം എന്ന് നമ്മള്‍ പറയുമ്പോള്‍ സ്നേഹത്തിന്‍റെ ഗൌരവാത്മക കടമകളില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നും ..തുറന്നു പറഞ്ഞാല്‍  വ്യഭിചാരത്തിനുള്ള സ്വാതന്ത്ര്യം എന്നുമാണ് ബൂര്‍ഷ്വാസി അര്‍ത്ഥമാക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി തൊഴിലാളി വര്‍ഗ്ഗപരമായ വീക്ഷണത്തെ കൃത്യമായും  വെളിപ്പെടുത്താനായില്ലെങ്കില്‍ നമ്മുടെ ആശയത്തെ  ബൂര്‍ഷ്വാസി തങ്ങളുടെ വ്യാഖ്യാനം വഴി വികലമാക്കി  തീര്‍ക്കുകയാവും  ചെയ്യുക. വിപുലമായ പത്ര മാധ്യമ ശൃംഖലകള്‍ കൈ വശമുള്ള  ബൂര്‍ഷ്വാസിക്ക് ജനങ്ങളുടെ മനസ്സില്‍ ഭയം വിതറാന്‍ എളുപ്പമാണ്."

ഇതേ വിലയിരുത്തല്‍ തന്നെയാണ് കേരളത്തിലെ ഇടതു പക്ഷ ബുദ്ധി ജീവികള്‍  നടത്തേണ്ടിയിരുന്നത്. കുടുംബങ്ങളിലെ കപടവും സ്നേഹ ശൂന്യവുമായ  ചുംബനങ്ങള്‍ക്ക്  വിപരീതം ക്ഷണികമായ വികാര പ്രകടനങ്ങള്‍  അല്ലെന്നും കൂടി ലെനിന്‍ പറഞ്ഞു വയ്ക്കുന്നു. ഇന്നത്തെ കുടുംബ വ്യവസ്ഥിതിയില്‍  സ്ത്രീയുടെ സ്വാഭാവികമായ  മോചനം  എന്നത് ഏതാണ്ട് അസാധ്യം തന്നെ. സ്വത്തുടമസ്ഥതയാണ് സ്ത്രീ പുരുഷനെയും കുട്ടികള്‍  മാതാപിതാക്കളെയും  ആശ്രയിക്കുന്ന  ഇന്നത്തെ കുടുംബ വ്യവസ്ഥയെ നിര്‍ണ്ണയിക്കുന്നത്. സ്വകാര്യ സ്വത്തിന്‍റെ  ഇല്ലതാകലിലൂടെ മാത്രമേ  ഈ സാഹചര്യത്തിന്  ഗുണപരമായ  മാറ്റം പ്രതീക്ഷിക്കാനാവൂ. സ്ത്രീ വിമോചന വാദികള്‍ ലക്‌ഷ്യം വയ്ക്കുന്ന  നിലവിലെ കുടുംബ വ്യവസ്ഥയുടെ  തകര്‍ക്കല്‍ സത്യത്തില്‍ സ്ത്രീകളെയും കുട്ടികളെയും കൂടുതല്‍ അരക്ഷിതരാക്കുകയും മുഴുവന്‍ സമൂഹത്തെയും അരാജകത്വത്തിലേക്ക്  നയിക്കുകയാവും ചെയ്യുക  എന്നും ലെനില്‍ കരുതി. 

ഉത്തരാധുനിക  നാട്യങ്ങള്‍ക്കിടയില്‍  ഇടതു പക്ഷക്കാര്‍ക്ക്   മാര്‍ക്സിനെയും   ലെനിനേയും ഉദ്ധരിക്കാന്‍ ഭയമാണ്. പഴഞ്ചനായി മുദ്ര കുത്തപ്പെട്ടാലോ  എന്ന ഭയം.  കുടുംബ വ്യവസ്ഥിതിയിലേക്ക്  മനുഷ്യന്‍ കടന്നു വന്ന സാഹചര്യങ്ങളടക്കം   വിലയിരുത്തുന്നതില്‍  മാര്‍ക്സിസത്തിന്  ഒരു പിഴവും സംഭവിച്ചിട്ടില്ല. കാലികമായ മുന്നേറ്റങ്ങളെ ആ വെളിച്ചത്തില്‍ വിലയിരുത്താനും  മുന്നില്‍ നിന്ന് നയിക്കാനും  ഇടതു പക്ഷത്തിനു  കഴിയേണ്ടതാണ്. ആ ധാരണയെ ശരി വയ്ക്കുന്നതാണ്  സമകാലീന  സംഭവ ഗതി.